രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 കോവിഡ് മരണം സംഭവിച്ചു. ഇതോടെ ആകെ മരണനിരക്ക് മൂന്ന് ലക്ഷത്തിന് മുകളില്‍ എത്തി. ബ്രസീലിനും, അമേരിക്കയ്ക്കും ശേഷം മരണനിരക്ക് മൂന്ന് ലക്ഷം പിന്നിട്ട ആദ്യ രാജ്യമാണ് ഇന്ത്യ. 2,22,315 പുതിയ കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്.
മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മോയിനുദീന്‍ സാംസ് കോവിഡ് ബാധിച്ച് മരിച്ചു. മേയ് മൂന്നിനാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മേയ് 19-ാം തിയതി കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില ഗുരുതരമായി. 58 വയസായിരുന്നു.അതേസമയം, കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാനം തയാറാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. “ആദ്യ രണ്ട് തരംഗവും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ ഓക്സിജന്‍ ക്ഷാമം നേരിട്ടിരുന്നില്ല. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ കേസുകള്‍ കുത്തനെ ഉയരുകയും ഓക്സിജന്‍ ക്ഷാമം ഉണ്ടാകുകയും ചെയ്തു,” യോഗി വ്യക്തമാക്കി.
രാജ്യതലസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമായി തുടരുകയാണ്. 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് നല്കാന് കോവാക്സിന് സ്റ്റോക്ക് ഇല്ല എന്ന് എംഎല്‍എ അതിഷി വ്യക്തമാക്കി. പുതിയ സ്റ്റോക്ക് എത്തിയില്ല എങ്കില്‍ തിങ്കളാഴ്ചയ്ക്ക് ശേഷം വിതരണം മുടങ്ങുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
You must be logged in to post a comment Login