കോട്ടയം: റവന്യൂ-പോലീസ് ഉദ്യോഗസ്ഥർ കോവിഡ് സംബന്ധമായ ഡ്യൂട്ടിയിൽ വ്യാപൃതരായിരിക്കുന്ന അവസരം മുതലെടുത്ത് അനധികൃതമായി കരമണ്ണ് ഖനനം ചെയ്ത് കടത്തിയ 3 ടിപ്പറുകളും 2 ജെസിബികളും പള്ളിക്കൽ പോലീസ് പിടിച്ചെടുത്തു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റേഷൻ പരിധിയിൽ മഫ്തിയിൽ മോട്ടോർ സൈക്കിളിൽ ചുറ്റുകയായിരുന്ന എസ്.ഐ ശരലാലിൻറെ മുന്നിൽ മണ്ണ് നിറച്ച ലോറി വന്നു പെടുകയായിരുന്നു. മോട്ടോർ സൈക്കിൾ കുറുകെ വച്ച് ലോറി തടഞ്ഞുനിർത്തിയ എസ്. ഐ. ഡ്രൈവറെ ചോദ്യം ചെയ്തതിൽ പാസ് ഇല്ലാതെയാണ് മണ്ണ് കടത്തുന്നത് എന്ന് മനസ്സിലായി.
തുടർന്ന് സ്റ്റേഷനിൽ വിവരം അറിയിക്കുകയും കുന്ന് ഇടിച്ചുമാറ്റുന്ന സ്ഥലത്ത് എത്തി ജെസിബി കളും മറ്റ് ലോറികളും തടഞ്ഞുവക്കുകയും ചെയ്തു. പള്ളിക്കൽ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തി വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ആറ് പേരെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു. വാഹനങ്ങൾ കോടതിക്ക് കൈമാറും. പ്രകൃതിയെ നശിപ്പിക്കും വിധമുള്ള മണ്ണ് – പാറ ഖനനത്തിനെതിരെയുള്ള കർശന നടപടികൾ തുടരുമെന്ന് എസ് ഐ പറഞ്ഞു.
You must be logged in to post a comment Login