കണ്ണൂർ: സി.കെ ജാനുവിന് പണം നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് പ്രസീത അഴീക്കോടിന്റെ പുതിയ ഫോൺ സംഭാഷണം പുറത്ത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായുള്ള പ്രസീതയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ബിജെപിയിലെ ഗ്രൂപ്പിസം വ്യക്തമാക്കുന്നതാണ് സുരേന്ദ്രന്റെ പ്രതികരണം.
മഞ്ചേശ്വരം കുഴൽപ്പണക്കേസ് ഉൾപ്പെടെ വിവാദത്തിലായിരിക്കുന്ന കെ. സുരേന്ദ്രനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. സി. കെ ജാനുവിന് പണം കൈമാറുന്നതിന് തൊട്ടുമുൻപ് പ്രസീതയുമായി സുരേന്ദ്രൻ സംസാരിക്കുന്നതാണ് ഫോൺ സംഭാഷണത്തിൽ. പണം നൽകുന്ന കാര്യം പി. കെ കൃഷ്ണദാസ് അറിയരുതെന്നാണ് കെ. സുരേന്ദ്രൻ പ്രസീതയുമായുള്ള സംഭാഷണത്തിനിടെ പറയുന്നത്.
ആര് അറിയരുതെന്നാണ് പറയുന്നതെന്ന് പ്രസീത എടുത്ത് ചോദിക്കുന്നുണ്ട്. കൃഷ്ണദാസെന്ന് സുരേന്ദ്രൻ പറമ്ബോൾ അവർ അറിയാൻ ഇടയില്ലെന്നാണ് പ്രസീതയുടെ മറുപടി. ബാഗിൽ പണവുമായി കുറേ ദിവസമായി നടക്കുകയാണെന്നും കെ. സുരേന്ദ്രൻ പറയുന്നുണ്ട്. ഫോൺ സംഭാഷണം തന്റെ തന്നെയാണെന്ന് പ്രസീത വ്യക്തമാക്കിയിട്ടുണ്ട്.
എൻഡിഎയിൽ ചേരാൻ സി. കെ ജാനുവിന് കെ. സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയെന്ന വെളിപ്പെടുത്തലുമായി പ്രസീത അഴീക്കോട് നേരത്തേ രംഗത്തെത്തിയിരുന്നു. കെ. സുരേന്ദ്രനുമായുള്ള പ്രസീതയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
You must be logged in to post a comment Login