ന്യൂ ഡെൽഹി: മോട്ടോർ വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. കൊറോണ വ്യാപനം കണക്കിലെടുത്താണ് തീരുമാനം ഉണ്ടായിരിക്കുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ കാലാവധിയാണ് നീട്ടിയത്.
2020 ഫെബ്രുവരിക്ക് ശേഷം കാലാവധി പൂർത്തിയായ വാഹനരേഖകൾക്കാണ് ഇളവ് ബാധകമാവുക. സെപ്തംബർ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഇളവ് പുക പരിശോധന സർട്ടിഫിക്കറ്റിന് ബാധകമായിരിക്കില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കൊറോണയും തുടർന്നുണ്ടായ ലോക്ഡൗണുകളും മൂലം രേഖകൾ പുതുക്കാൻ ജനങ്ങൾക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയത്. ബന്ധപ്പെട്ട ഓഫീസുകൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
You must be logged in to post a comment Login