തിരുവനന്തപുരം: ടിപിആർ നിരക്ക് കുറയാത്തതിനാൽ സംസ്ഥാനത്ത് കൂടുതൽ ലോക്ഡൌൺ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ഞായറാഴ്ച പ്രാർത്ഥനകൾക്കായി ദേവാലയങ്ങൾക്ക് ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാരാന്ത്യ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ഇതിനും അനുമതി നൽകിയില്ല. ആരാധനാലയങ്ങളിൽ 15 പേർക്കുള്ള അനുമതി തുടരും.
ചൊവ്വാഴ്ച വീണ്ടും ചേരുന്ന യോഗത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകണമോ എന്നതിൽ തീരുമാനം ഉണ്ടായേക്കും. ഈ ആഴ്ച്ചയിൽ തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടിപിആർ പത്തിന് മുകളിൽ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ഒരുലക്ഷത്തിന് താഴെയെത്തിയ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതും വെല്ലുവിളിയാണ്.
You must be logged in to post a comment Login