കണ്ണൂർ: പയ്യന്നൂരിൽ യുവതി ആത്മഹത്യ ചെയ്ത് സംഭവത്തിൽ ഒരു മാസത്തിന് ശേഷം ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. രാമന്തളി സ്വദേശിനിയായ ഷമീല ആത്മഹത്യ ചെയ്ത കേസിൽ യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് വൈകിയാണെങ്കിലും അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഷമീല ഭർത്താവിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ചാണ് ജീവനൊടുക്കിയത്.
പ്രതി റഷീദിനെ പിടികൂടാതെ പൊലീസ് അലംഭാവം കാട്ടുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഭർതൃവീട്ടിൽ കഴിഞ്ഞ മാസം രണ്ടിനാണ് രാമന്തളി സ്വദേശിനി ഷമീല ആത്മഹത്യ ചെയ്യതത്. ഏഴ് വർഷം മുമ്പാണ് റഷീദും ഷമീലയും വിവാഹിതരായത്. രണ്ട് കുഞ്ഞുങ്ങളുമുണ്ട്.
ആദ്യത്തെ കുറച്ച് വർഷം സന്തോഷകരമായിരുന്നു ഇരുവരുടെയും ജീവിതം. പിന്നീടാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പ്ലസ് ടൂ വരെ പഠിച്ച ഷമീല ആരോടും ഭർത്താവുമായുള്ള പ്രശ്നങ്ങൾ പറഞ്ഞിരുന്നില്ല. ഗൾഫിൽ ജോലി ഉണ്ടായിരുന്ന റഷീദ് കഴിഞ്ഞ വർഷമാണ് നാട്ടിലെത്തിയത്. റഷീദിനെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ റഷീദിനെ റിമാൻഡ് ചെയ്തു.
You must be logged in to post a comment Login