തിരുവനന്തപുരം: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിനെ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി. ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനും നിർദ്ദേശമുണ്ട്. സംഭവത്തിൽ കളമശ്ശേരി പോലീസ് അന്വേഷണം തുടങ്ങി.

ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് അനന്യയുടെ സുഹൃത്തായ ദയ ആരോപിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം അനന്യ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നെന്നും വീണ്ടും ശസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട് ഡോക്ടറെ സമീപിച്ചപ്പോൾ വീണ്ടും പഠിച്ചിട്ട് താൻ തന്നെ ശസ്ത്രക്രിയ ചെയ്യാമെന്നുമായിരുന്നു ഡോക്ടറുടെ മറുപടിയെന്നും അവർ വ്യക്തമാക്കി.

“കഴിഞ്ഞ വർഷം ജൂണിൽ ശസ്ത്രക്രിയ നടന്നതിനുശേഷം ഒരു വർഷത്തോളമായി രക്തസ്രാവമുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിൽ ആയതോടെ മാനസികമായി തകർന്നു. വീണ്ടും ശസ്ത്രക്രിയ ചെയ്തുതരണമെന്നു മാത്രമാണ് ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നത്. ഡോക്ടർ പറഞ്ഞതിന്റെ തെളിവുകൾ അനന്യ റെക്കോഡ് ചെയ്തിരുന്നു.”, സുഹൃത്ത് ദയ വ്യക്തമാക്കി.

ഇതുസംബന്ധിച്ച് ട്രാൻസ്ജെൻഡർ സംഘടനകൾ മുഖ്യമന്ത്രിക്ക് പരാതി നൽകും. അനന്യയുടെ മരണം ആത്മഹത്യയല്ലെന്ന് സുഹൃത്തും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ഹൈദി സന്ധ്യ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here