തൃശ്ശൂര്‍: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്‌പ്പാ തട്ടിപ്പ് ഗുരുതരമെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്. നൂറ് കോടിയിൽ പരിമിതപ്പെടുന്നതല്ല തട്ടിപ്പ് എന്നാണ് വിലയിരുത്തൽ. കോടികൾ തട്ടിയ ഇടപാടുകൾ പരിശോധിക്കുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി വലുതാണെണ് വ്യക്തമാവുന്നതായാണ് റജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

കൂടുതൽ രേഖകൾ പരിശോധിക്കണം. ബാങ്കിനെതിരെ കൂടുതൽ പരാതികൾ വരുന്നുണ്ടെന്നും ഇതും കണക്കില്‍ എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും തുടർ നടപടികളിൽ തീരുമാനമാവുക.

വഞ്ചന ഗൂഡാലോചന എന്നിവയെക്കൂടാതെ അഴിമതി നിരോധന നിയമ പ്രകാരവും കേസെടുത്ത് അന്വേഷിക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് കേസ് വിജിലൻസിന് കൈമാറുന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നത്. നൂറ് കണക്കിന് രേഖകൾ പരിശോധിച്ചാണ് അന്വേഷണം നടത്തേണ്ടത്. സഹകരണ വകുപ്പിലെ ഉദ്യാഗസ്ഥരേയും ചോദ്യം ചെയ്യണം. ഇക്കാര്യങ്ങൾ പരിഗണിച്ച് കേസ് വിജിലൻസിനെ ഏൽപ്പിക്കാമെന്ന അഭിപ്രായത്തിനാണ് മുൻ തൂക്കം.

ജില്ലാ ക്രൈം ബാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കേസിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൃത്യമായ ഓഡിറ്റ് റിപ്പോർട്ട് പഠിച്ച ശേഷമാകും ക്രമം തെറ്റിച്ച് വായ്പ അനുവദിച്ച കാര്യങ്ങളിൽ എങ്ങനെ അന്വേഷണം വേണമെന്ന് തീരുമാനിക്കുകയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പ്‌ തടയാൻ നിയമം കൊണ്ടുവരുമെന്നും സഹകരണ മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here