ന്യൂ ഡെൽഹി: രാജ്യത്ത് ഇനി സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ഡോ. ബൽറാം ഭാർഗവ. മുതിർന്നവരെക്കാൾ മെച്ചപ്പെട്ട രീതിയിൽ കോറോണയെ പ്രതിരോധിക്കാൻ കുട്ടികൾക്കു കഴിയുമെന്നതിനാൽ ആദ്യം പ്രൈമറി ക്ലാസുകൾ തുറക്കാമെന്ന് ഭാർഗവ നിർദേശിച്ചു. മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് ആദ്യം സ്കൂൾ തുറക്കാമെന്നാണ് മുൻപ് പറഞ്ഞിരുന്നതെങ്കിലും 1–5 ക്ലാസ് കുട്ടികളെയാണ് ആദ്യം അനുവദിക്കേണ്ടതെന്നാണ് ബൽറാം ഭാർഗവ പറ‍യുന്നത്.

അധ്യാപകരും ജീവനക്കാരും പൂർണമായി വാക്സീൻ എടുത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 5 ശതമാനത്തിൽ കുറഞ്ഞ സ്ഥലങ്ങളിൽ സ്കൂളുകൾ തുറക്കാമെന്നു നേരത്തേ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയും നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകളുടേതാണ്.

അതേസമയം കൊറോണ മൂന്നാം തരം​ഗം ഓ​ഗസ്റ്റിൽ ഉണ്ടാകുമെന്ന് ഐസിഎംആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓ​ഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് കൊറോണ മൂന്നാംതരം​ഗം പടർന്ന് പിടിച്ചേക്കുമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ മൂന്നാംതരം​ഗം രണ്ടാംതരം​ഗത്തേക്കാൾ ശക്തി കുറഞ്ഞതായിരിക്കുമെന്നാണ് ഐസിഎംആർ പകർച്ചവ്യാധി പ്രതിരോധവിഭാ​ഗം മേധാവി ഡോ.സമീരൻ പാണ്ഡ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here