തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ടി.എം.മുകുന്ദന്‍ (59) ആത്മഹത്യ ചെയ്തു. 80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിന് ടി.എം.മുകുന്ദന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു.

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ- നിക്ഷേപത്തട്ടിപ്പു കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി ഡിജിപി അനില്‍ കാന്തിന്റെ ഉത്തരവിട്ടിരുന്നു. പുതിയ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ബാങ്ക് കേന്ദ്രീകരിച്ചു കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വിവരം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ ഇഡി പൊലീസിനോട് തേടിയിട്ടുണ്ട്.

തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് സംസ്ഥാന ക്രൈം ബ്രാഞ്ചിനു വിടണമെന്നു റൂറല്‍ പൊലീസ് മേധാവി ഡിജിപിയോടു ശുപാര്‍ശ ചെയ്തിരുന്നു. ഇഡിയുടെ അന്വേഷണം വരാനുള്ള സാധ്യത കൂടി മുന്‍കൂട്ടി കണക്കിലെടുത്താണ് കേസ് കൈമാറിയത്. സംഭവത്തെക്കുറിച്ചു സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാര്‍ സംസ്ഥാന സഹകരണ റജിസ്ട്രാര്‍ക്കു നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലും അഴിമതി സ്ഥിരീകരിക്കുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി 100 കോടിയില്‍ ഒതുങ്ങില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെല്ലാം ഒളിവിലാണെന്നു കണ്ടെത്തി. ഇവരുടെ ബെനാമികളെന്നു സംശയിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. എല്ലാ സഹകരണ സംഘങ്ങളിലും സാമ്പത്തിക വര്‍ഷാവസാനം സഹകരണ ജോയിന്റ് റജിസ്ട്രാറുടെ ഓഡിറ്റ് നടക്കാറുണ്ടെങ്കിലും കരുവന്നൂരിലെ 6 വര്‍ഷം നീണ്ട തട്ടിപ്പ് പിടിക്കപ്പെടാതിരുന്നതിനു പിന്നില്‍ ഉന്നത രാഷ്ട്രീയസ്വാധീനമുണ്ടെന്ന ആരോപണവും ബലപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here