Sunday, September 24, 2023

മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ

ആറ്റിങ്ങൽ: ഇരുന്നൂറു കിലോയോളം റബ്ബർ ഷീറ്റ് മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുമ്പോട് പഴുവടിയിലെ ഓട്ടോ ഡ്രൈവർ ആയ സനോജ് (42) നെയാണ് മോഷണം പോയ റബർ ഷീറ്റുകൾ വിൽക്കാൻ ശ്രമിക്കവേ ഓട്ടോ സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു.പള്ളിക്കൽ ആനകുന്നം സ്വദേശിയുടെ കടയിൽ നിന്ന് ജൂലൈ 30 വെള്ളിയാഴ്ച പുലർച്ചെ ഇരുപത്തയ്യായിരം രൂപ മൂല്യമുള്ള ഇരുന്നൂറു കിലോയോളം റബ്ബർ ഷീറ്റും ഒട്ടുപാലും മോഷണം പോയതായി പള്ളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്തു രണ്ടു മണിക്കൂറിനുള്ളിൽ തന്നെ പള്ളിക്കൽ സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ് ചെയ്തു. .മോഷണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രതിയുടെ പക്കൽ നിന്ന് കണ്ടെത്തി. പകൽ സമയം ഓട്ടോയിൽ കറങ്ങി നടന്ന് കടകളും മറ്റും കണ്ടുവെക്കുകയും രാത്രിയിൽ എത്തി മോഷണം നടത്തുകയും ചെയ്തിരുന്ന സനോജിന്റെ പേരിൽ വിവിധ സ്റേഷനുകളിലായി ക്ഷേത്ര മോഷണ കേസുകളും റബർ ഷീറ്റ് മോഷണ കേസുകളുമുണ്ട്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സി ഐ ശ്രീജിത്തിനെ, എസ് ഐ സഹിൽ, എസ് ഐ ഉദയകുമാർ, എ എസ് ഐ സജിത്ത് സിപിഒമാരായ രഞ്ജിത്ത്, ഷമീർ, പ്രസേനൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Latest Articles