പുതിയ ഇ സ്കൂട്ടറായ സിംപിൾ വണ്ണിനുള്ള പ്രീബുക്കിങ് സ്വാതന്ത്യ്രദിനം മുതൽ സ്വീകരിക്കാൻ ബെംഗളൂരു ആസ്ഥാനമായ വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കളായ സിംപിൾ എനർജി അറിയിച്ചു. ഇന്ത്യ സ്വതന്ത്രമായ വർഷത്തിന്റെ സ്മരണയ്ക്കായി 1947 രൂപ അഡ്വാൻസ് ഈടാക്കിയാവും സിംപിൾ വണ്ണിനുള്ള ബുക്കിങ്ങുകൾ കമ്പനി ഏറ്റെടുക്കുക. സ്വാതന്ത്യ്രദിനത്തിൽ അരങ്ങേറ്റം കുറിക്കുന്ന സിംപിൾ വണ്ണിനുള്ള പ്രീ ബുക്കിങ്ങിന് അന്നു വൈകിട്ട് അഞ്ചു മുതലാണു കമ്പനി വെബ്സൈറ്റിൽ തുടക്കമാവുന്നത്.
ആദ്യഘട്ടത്തിൽ കർണാടക, തമിഴ്നാട്, ഡൽഹി, ഗോവ, ഉത്തർ പ്രദേശ് തുടങ്ങി 13 സംസ്ഥാനങ്ങളിലാവും സിംപിൾ വൺ വിൽപനയ്ക്കെത്തുക; 1.10 ലക്ഷം മുതൽ 1.20 ലക്ഷം രൂപ വരെയാണ് ഈ സ്കൂട്ടറിനു പ്രതീക്ഷിക്കുന്ന വില. ‘ഫെയിം’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതോടെ സ്കൂട്ടർ വിലയിൽ ഇളവിനും സാധ്യതയുണ്ട്.
ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്കാവും സ്കൂട്ടറിന്റെ ഉൽപ്പാദനം ആരംഭിക്കുന്ന ഘട്ടത്തിൽ മുൻഗണന ലഭിക്കുകയെന്ന് സിംപിൾ എനർജി സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സുഹാസ് രാജ്കുമാർ അറിയിച്ചു. ‘സിംപിൾ വണ്ണി’ലൂടെ രാജ്യത്തെ വൈദ്യുത വാഹന വ്യവസായത്തിൽ പുതു നിലവാരം സ്ഥാപിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഓഗസ്റ്റ് 15 കമ്പനിയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുള്ള ദിവസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യം ലഭിച്ച വർഷത്തെ ഓർമിപ്പിക്കാൻ ലക്ഷ്യമിട്ടു തന്നെയാണ് പ്രീ ബുക്കിങ്ങിനൊപ്പം 1,947 രൂപ ഈടാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ച ബാറ്ററി പായ്ക്കാവും സ്കൂട്ടറിന്റെ പ്രധാന ആകർഷണം. സ്കൂട്ടറിനു കരുത്തേകുന്നത് 4.8 കിലോവാട്ട് അവർ ശേഷിയുള്ള ലിതിയം അയോൺ ബാറ്ററിയാണ്; ഒറ്റ ചാർജിൽ (ഇകോ മോഡിൽ) 240 കിലോമീറ്റർ പിന്നിടാൻ ഈ ബാറ്ററിക്കാവുമെന്നാണു സിംപിൾ എനർജിയുടെ അവകാശവാദം. മണിക്കൂറിൽ 100 കിലോമീറ്ററാണു സ്കൂട്ടറിന്റെ പരമാവധി വേഗം. നിശ്ചലാവസ്ഥയിൽ നിന്നു വെറും 3.6 സെക്കൻഡിൽ സ്കൂട്ടർ മണിക്കൂറിൽ 50 കിലോമീറ്റർ വേഗം കൈവരിക്കുമെന്നും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നു.
You must be logged in to post a comment Login