ജർമൻ നിർമാതാക്കളായ ഫോക്സ്വാഗന്റെ കോംപാക്ട് എസ് യു വി ടൈഗുൺ സെപ്റ്റംബർ 23ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. അവതരണത്തിനു മുന്നോടിയായി ഈ മാസം ആദ്യം മുതൽ ഫോക്സ്വാഗൻ ടൈഗുണിനുള്ള ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. കടുത്ത മത്സരത്തിനു സാക്ഷ്യം വഹിക്കുന്ന ഇന്ത്യൻ കോംപാക്ട് എസ്യുവി വിപണിയിൽ ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, എം ജി ഹെക്ടർ പ്ലസ് തുടങ്ങിയവയ്ക്കൊപ്പം ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് നിർമാതാക്കളായ സ്കോഡ ഓട്ടോയുടെ കുശക്കിനെയും ടൈഗുണിനു നേരിടേണ്ടി വരും.
ഇന്ത്യയ്ക്കായി ഫോക്സ്വാഗൻ ആവിഷ്കരിച്ച ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ടൈഗുൺ പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ നിന്നാണു നിരത്തിലെത്തുന്നത്. എം ക്യു ബി ആർക്കിടെക്ചറിന്റെ വകഭേദമായ എം ക്യു ബി എ സീറോ ഐ എൻ പ്ലാറ്റ്ഫോം അടിത്തറയാവുന്ന ടൈഗുൺ ഫോക്സ്വാഗന്റെ ഉന്നത നിർമാണ നിലവാരം നിലനിർത്തുമ്പോഴും ഇന്ത്യൻ ഉപയോക്താക്കൾക്കായി സവിശേഷമായി രൂപകൽപ്പന ചെയ്തതാണെന്നാണു കമ്പനിയുടെ പക്ഷം.
മൂന്നു വർഷം മുമ്പ് 2018ലാണു ഫോക്സ്വാഗൻ ഇന്ത്യ 2.0പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കാനായി ഗ്രൂപ് കമ്പനിയായ സ്കോഡയുടെ നേതൃത്വത്തിൽ 2019–2021 കാലത്ത് 100 കോടി യൂറോ(ഏകദേശം 7,900 കോടി രൂപ)യുടെ നിക്ഷേപമായിരുന്നു പദ്ധതിയിലെ പ്രധാന വാഗ്ദാനം. പദ്ധതിക്കായി പുണെയിലും ഔറംഗബാദിലുമുള്ള ശാലകളുടെ ശേഷി ഉയർത്തിയതിനൊപ്പം പുണെയിൽ സ്കോഡ പുതിയ എൻജിനീയറിങ്, ഡിസൈൻ, ഡവലപ്മെന്റ് കേന്ദ്രവും തുടങ്ങി.
You must be logged in to post a comment Login