പ്രിയദർശന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം 3300 സ്ക്രീനുകളിൽ. റിലീസ് ദിവസംതന്നെ 50 കോടിയോളം രൂപയുടെ ബിസിനസ് നടത്തുമെന്നു തിയറ്ററുമായി ഒപ്പുവച്ച കരാറുകൾ കാണിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കച്ചവടമാണിത്. കേരളത്തിൽ 600 സ്ക്രീനിലാണ് മരക്കാർ പ്രദർശിപ്പിക്കുക. ഇന്ത്യയുടെ മറ്റിടങ്ങളിൽ 1200 സ്ക്രീനുകളിലും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. രാജ്യത്തിനു പുറത്ത് ഇന്നലെ വരെ കരാർ ഒപ്പുവച്ചിട്ടുള്ളത് 1500 സ്ക്രീനിലാണ്. ഇത് 1800 വരെ ആയേക്കും. ആകെ 3300 സ്ക്രീനുകളിലാകും റിലീസ്. വിദേശ കരാറുകൾ 30 നു ശേഷമേ പൂർണമാകൂ. വിദേശത്തു 1800 തിയറ്ററുകളിൽവരെ പ്രദർശിപ്പിച്ചേക്കാം.

കേരളത്തിലെ ഭൂരിഭാഗംതിയറ്ററുകളിലും 6 പ്രദർശനങ്ങളാണ്. ചിലയിടത്ത് ഏഴും. രാത്രി 12നാണു ഷോ തുടങ്ങുന്നത്. ദുബായിയിലെ സ്ക്രീനുകളിലും ഇതുതന്നെയാണ് അവസ്ഥ. ആദ്യ ദിവസം 3300 സ്ക്രീനുകളിലായി ചുരുങ്ങിയത് 12,700 ഷോകൾ ഉണ്ടാകും. നാലു ഷോ വീതം പരിഗണിച്ചാൽപോലും 25 ലക്ഷത്തിലേറെ പേർ ആദ്യ ദിവസം സിനിമ കാണും. ഒരു ടിക്കറ്റിൽനിന്നു ശരാശരി വരുമാനം 200 രൂപയാണു കണക്കാക്കുന്നത്.