ലോകത്തിലെ ഏതു കോടീശ്വരന്റെ വാഹന ശേഖരത്തോടും കിട പിടിക്കുന്ന കാറുകളും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളും ദുബായ് പൊലീസിനും സ്വന്തമാണ്. ആർഭാടത്തിനും പ്രകടനക്ഷമയ്ക്കും കുറവില്ലാത്ത ഈ പ്രൗഢ ശ്രേണിയിലേക്കാണു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ ‘ആർ എയ്റ്റ് കൂപ്പെ’യും അണി ചേരുന്നത്. രണ്ട് ‘ആർ എയ്റ്റ്’ കൂപ്പെ കൂടിയെത്തിയതോടെ ദുബായ് പൊലീസ് വകുപ്പിന്റെ പക്കലെ സൂപ്പർ കാറുകളുടെ എണ്ണം 33 ആയി ഉയർന്നെന്നാണു കണക്ക്. പ്രകടനത്തിൽ മുന്നിലെങ്കിലും ദുബായ് പൊലീസിന്റെ പക്കലുള്ള വേഗമേറിയ കാർ ‘ഔഡി ആർ എയ്റ്റ്’ അല്ല. കാരണം ബ്യുഗാറ്റി ‘വെറോൺ’, ആസ്റ്റൻ മാർട്ടിൻ ‘വാന്റേജ്’, പോർഷെയുടെ പല മോഡലുകൾ, ഫെറാരി, ബെന്റില്, മക്ലാരൻ തുടങ്ങിയവയൊക്കെ ദുബായ് പൊലീസിനു സ്വന്തമാണ്.
ഔഡി ‘ആർ എയ്റ്റ് കൂപ്പെ’യിലെ 5.2 ലീറ്റർ, വി 10 എൻജിന് 540 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കാനാവും; മണിക്കൂറിൽ 320 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം. നിശ്ചലാവസ്ഥയിൽ നിന്നു വെറും 3.7 സെക്കൻഡിലാണു കാർ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുക. സമാനതകളില്ലാത്ത ശബ്ദവും മിന്നലിനു തുല്യമായ പ്രതികരണവും മികച്ച പ്രകടനവുമൊക്കെ ഉറപ്പു നൽകുന്ന കാറിലെ വി 10 എൻജിൻ ആകർഷകമാണെന്നായിരുന്നു ദുബായ് പൊലീസിന്റെ പ്രതികരണം.
എമിറേറ്റിലെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ദുബായിലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി നിലനിർത്തുന്നതിലും ദുബായ് പൊലീസ് ബദ്ധശ്രദ്ധരാണെന്നു സേനയുടെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സലേം അൽ ജല്ലാഫ് അഭിപ്രായപ്പെട്ടു.