മൂന്നു വർഷത്തിനകം ഒളിംപിക്സ് വിരുന്നെത്തുമ്പോൾ വൈദ്യുത പറക്കും ടാക്സി യാഥാർഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് കായിക മാമാങ്കത്തിന് ആതിഥ്യമരുളുന്ന പാരിസ് നഗരം. 2024 ഒളിംപിക്സിനു രണ്ട് വ്യോമപാതകളിൽ യാത്രാസൗകര്യം ഉറപ്പാൻ ലക്ഷ്യമിട്ട് പറക്കും ടാക്സികളുടെ പരീക്ഷണപ്പറക്കലിനുള്ള തയാറെടുപ്പിലാണു ഫ്രഞ്ച് തലസ്ഥാനം. നഗരത്തിലെ വിമാനത്താവളങ്ങളായ ചാർൾസ് ഡെ ഗോളിനെയും ലെ ബോർജെയെയും ബന്ധിപ്പിക്കുന്നതാവും പറക്കും ടാക്സി റൂട്ടുകളിലൊന്നെന്ന് ഏറോപോർട്സ് ഡെ ഫ്രാൻസ് വെളിപ്പെടുത്തുന്നു.
ദക്ഷിണപശ്ചിമ ഭാഗത്തെ രണ്ടു നഗരപ്രാന്തങ്ങളെ തലസ്ഥാനവുമായി ബന്ധിപ്പിക്കും വിധത്തിലാവും രണ്ടാമത്തെ വ്യോമപാത നിർണയിക്കുക. ‘പറക്കും ടാക്സി’കളുടെ ടേക് ഓഫിനും ലാൻഡിങ്ങിനുമായി പൊന്റോയ്സ് എൻ വെക്സിൻ ഹബ് പ്രയോജനപ്പെടുത്താനാണു പദ്ധതി. വൈദ്യുത വിമാന നിർമാതാക്കളായ വൊളോകോപ്റ്റർ ജിഎംബിഎച്ച്, എയർബസ് എസ് ഇ, വെർട്ടിക്കൽ ഏറോസ്പേസ് ഗ്രൂപ് ലിമിറ്റഡ്, ലിലിയം എൻ വി, ജോബി ഏവിയേഷൻ തുടങ്ങിയ കമ്പനികളുടെ സഹകരണത്തോടെയാണു ഫ്രാൻസിലെ സിവിൽ ഏവിയേഷൻ അതോറിട്ടി ‘പറക്കും ടാക്സി’കളുടെ പരീക്ഷണപറക്കൽ സംഘടിപ്പിക്കുന്നത്.