അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ മന്ത്രിമാരുടെ ഉന്നതതല യോഗം ഇന്ന്. പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ഉന്നതതല യോഗം ചേരുക. യോഗത്തിൽ തദ്ദേശ സ്വയം ഭരണ-എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ആരോഗ്യ മന്ത്രി വീണാ ജോർജ്, ഭക്ഷ്യ മന്ത്രി ജിആർ അനിൽ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
തുടർച്ചയായി നവജാത ശിശു മരണം സംഭവിക്കുന്ന അട്ടപ്പാടിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സന്ദർശനത്തിൽ മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ട പ്രശ്നങ്ങളും നിർദേശങ്ങളുമാണ് റിപ്പോർട്ടിലുള്ളത്.
കോട്ടത്തറ ട്രൈബൽ ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നതാണ് ശുപാർശയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.