പ്രേക്ഷകർ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍’ നാളെ എത്തുന്നു. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തില്‍ 4100 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. റിലീസ് ദിനത്തില്‍ ആകെ 16000 പ്രദര്‍ശനങ്ങള്‍. കൂടാതെ പ്രീ-റിലീസ് ബുക്കിംഗ് വഴി മാത്രം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ മാത്രം 631 തിയറ്ററുകളിലാണ് ചിത്രം നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുക. ഫാന്‍സ് ഷോകളിലും റെക്കോര്‍ഡ് സൃഷ്ടിച്ചാണ് മരക്കാറിന്റെ വരവ്. മോഹന്‍ലാല്‍ ഫാന്‍സ് ഒരാഴ്ച മുന്‍പ് ചാര്‍ട്ട് ചെയ്തിരുന്നതനുസരിച്ച് 600ല്‍ അധികം തിയറ്ററുകളിലാണ് ആരാധകര്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ലോകമാകെ 1000 ഫാന്‍സ് ഷോകളുമുണ്ട്. ഫൈനല്‍ ലിസ്റ്റില്‍ എണ്ണം കൂടിയേക്കാം. തമിഴ്, തെലുങ്ക്, ഹിന്ദി സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ചിലപ്പോഴൊക്കെ ലഭിക്കാറുള്ള തിയറ്റര്‍ കൗണ്ട് ആണ് ആഗോള തലത്തില്‍ മരക്കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് ഇത്രയും തിയറ്ററുകളില്‍ റിലീസ് ലഭിക്കുക ചരിത്ര സംഭവമാണ്. ഇതോടെ റെക്കോര്‍ഡ് ഓപണിംഗ് ആവും ചിത്രം നേടുകയെന്നത് ഉറപ്പായിരിക്കുകയാണ്. കേരളത്തിലെ പല പ്രധാന സെന്ററുകളിലും അര്‍ധരാത്രി 12 മണിക്കു തന്നെ ആദ്യ ഫാന്‍സ് ഷോകള്‍ ആരംഭിക്കും. ബജറ്റിലും റെക്കോര്‍ഡ് ഇട്ട ചിത്രമാണ് മരക്കാര്‍. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ് മരക്കാര്‍
You must be logged in to post a comment Login