ജനീവ : രാജ്യങ്ങൾ ഏർപ്പെടുത്തുന്ന യാത്രാ നിരോധനത്തിന് കൊറോണയുടെ ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം തടയാൻ ആകില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. യാത്രാ നിരോധനം ജനജീവിതത്തെ തകൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും ലോകാരോഗ്യസംഘടന പറയുന്നു.ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് മറ്റ് രാജ്യങ്ങൾ വ്യാപകമായി വിലക്കേർപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.
യാത്രാ നിരോധനം ഏർപ്പെടുതുന്നത് കൊണ്ടു മാത്രം ഒമിക്രോണിന്റെ ആഗോളവ്യാപനം തടയാൻ കഴിയില്ല.ഇത് ആളുകളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കും. മാത്രമല്ല കൊറോണ വ്യാപനം ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ സാരമായി ബാധിക്കുമെന്നും സംഘടന.
യാത്രാ നിരോധനത്തിന് പകരം തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാകണം രാജ്യങ്ങൾ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത്. അന്താരാഷ്‌ട്ര യാത്രികരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികളും രാജ്യങ്ങൾ കാര്യക്ഷമമാക്കണമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ പുതിയ വകഭേദം അപകടകാരിയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.