സ്മാർട് ഫോണുകൾ പൊട്ടിത്തെറിക്കുന്നത് ഇപ്പോൾ പതിവ് സംഭവമായിരിക്കുന്നു. മിക്ക ബ്രാൻഡുകളുടേയും ഹാൻഡ്സെറ്റുകൾ ബാറ്ററിയുടെ പ്രശ്നങ്ങൾ കാരണമാണ് പൊട്ടിത്തെറിക്കുന്നത്. പോക്കോ എം3 പൊട്ടിത്തെറിച്ചതാണ് പുതിയ റിപ്പോർട്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പോക്കോയും അറിയിച്ചു.
പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിരുന്നു. മഹേഷ് (@Mahesh08716488) എന്ന ട്വിറ്റർ ഉപയോക്താവാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. തന്റെ സഹോദരന്റെ പോക്കോ എം3 തീപിടിച്ച് പൊട്ടിത്തെറിച്ചു എന്നാണ് ട്വീറ്റിലെ വിവരങ്ങൾ. ഫോൺ പൊട്ടിത്തെറിച്ചതിനു പിന്നിലെ കാരണങ്ങളൊന്നും അദ്ദേഹം പറഞ്ഞിരുന്നില്ല. എന്നാൽ, സംഭവം വാർത്തയായതോടെ ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ സ്മാർട് ഫോൺ നിർമാതാവ് ഫോൺ പൊട്ടിത്തെറിച്ച സംഭവത്തിൽ ഉപയോക്താവിന്റെ ട്വീറ്റിന് മറുപടിയും നൽകിയിരുന്നു. ഉപഭോക്താക്കളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ട്വീറ്റിന് മറുപടി നൽകിയത്. ‘ പോക്കോ ഇന്ത്യയിൽ, ഉപഭോക്തൃ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം നൽകുന്നുണ്ട്, ഞങ്ങൾ ഇത്തരം കാര്യങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്,’ എന്നാണ് ട്വീറ്റിൽ പറയുന്നത്.
ഇക്കാര്യം അന്വേഷിച്ച് വരികയാണെന്നും ഉപയോക്താവുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും പോക്കോ ഇന്ത്യ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹാൻഡ്സെറ്റിന്റെ ഗുണനിലവാരം ഒരു തലത്തിലും വിട്ടുവീഴ്ച ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ പോക്കോ സ്മാർട് ഫോണുകളും വിവിധ തലത്തിലുള്ള കർശനമായ ഗുണനിലവാര പരിശോധനകൾ നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഈ വർഷമാദ്യം പോക്കോ എക്സ് 3 പ്രോയും പൊട്ടിത്തെറിച്ച റിപ്പോർട്ട് വന്നിരുന്നു.