വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്ടിൽ നിർധനരായ കുടുംബങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. മലപ്പുറം കുഴിമണ്ണ സ്വദേശി പി കെ അബ്ദുൽ മജീദിനെതിരെ നിരവധി പേരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതിയുമായി മുന്നോട്ട് വന്നത്. സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റിലെ മതപണ്ഡിതനാണെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്.
രണ്ടുമുതൽ മൂന്നുലക്ഷം രൂപവരെ നൽകിയാൽ അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ച് നൽകാമെന്നായിരുന്നു പി കെ അബ്ദുൽ മജീദിന്റെ വാഗ്ദാനമെന്ന് പരാതിക്കാർ പറയുന്നു. വയനാട്ടിലെ വിവിധയിടങ്ങളിൽ തട്ടിപ്പിനിരയായ 35 നിർധന കുടുംബങ്ങളാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
വയനാടിന് പുറമെ ഗൂഡല്ലൂരിലും അബ്ദുൾ മജീദിനെതിരെ തട്ടിപ്പ് കേസുകളുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. പലതവണ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.
You must be logged in to post a comment Login