ബുക്കിങ് തുടങ്ങി ആദ്യ ദിവസം തന്നെ കാറൻസിന് ലഭിച്ചത് 7738 ബുക്കിങ്ങുകൾ. ആദ്യമായാണ് പ്രീബുക്കിങ് തുടങ്ങി 24 മണിക്കൂറിൽ ഇത്ര അധികം ഓർഡറുകൾ വാഹനത്തിന് ലഭിച്ചതെന്ന് കിയ പറയുന്നു. ജനുവരി 14 മുതലാണ് 25,000 രൂപയാണ് അഡ്വാൻസ് ഈടാക്കി കമ്പനി കാറൻസിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്. കമ്പനി ഡീലർഷിപ്പുകൾ മുഖേനയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും കാറൻസ് ബുക്ക് ചെയ്യാം.
എസ് യു വികളായ സെൽറ്റോസിനും സൊണെറ്റിനും പ്രീമിയം എം പി വിയായ കാർണിവലിനും ശേഷം കിയ ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമത് മോഡലാണു കാറൻസ്. റിക്രിയേഷണൽ വെഹിക്കിൾ (ആർവി) എന്നു കമ്പനി വിശേഷിപ്പിക്കുന്ന, കാറൻസ് കഴിഞ്ഞ മാസമാണു കിയ ഇന്ത്യ അനാവരണം ചെയ്ത്. മൂന്നു നിര സീറ്റുള്ള ഈ പുത്തൻ എംപിവിയുടെ വിലയടക്കമുള്ള വിശദാംശങ്ങൾ ഫെബ്രുവരിയിലോ മാർച്ചിലോ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.
ആറും ഏഴും സീറ്റുകളോടെ ലഭ്യമാവുന്ന കാറൻസ് ഏഴു നിറങ്ങളിലാവും വിൽപനയ്ക്കെത്തുക. ഇംപീരിയൽ ബ്ലൂ, മോസ് ബ്രൗൺ, ഇന്റെൻസ് റെഡ്, അറോറ ബ്ലാക്ക് പേൾ, സ്പാർക്ലിങ് സിൽവർ, ഗ്രാവിറ്റി ഗ്രേ, ഗ്ലേഷ്യർ വൈറ്റ് പേൾ. പ്രീമിയം, പ്രെസ്റ്റീജ്, പ്രെസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ചു വകഭേദങ്ങളിൽ കാറൻസ് ലഭ്യമാവും. കടുവയുടെ മുഖത്തെ അനുസ്മരിപ്പിക്കുന്ന രൂപകൽപനയോടെ എത്തുന്ന കാറൻസിന്റെ മുന്നിൽ ഡി ആർ എൽ സഹിതം എൽ ഇ ഡി ഹെഡ്‌ലാംപ്, 16 ഇഞ്ച് ഇരട്ട വർണ അലോയ് വീൽ, പിന്നിൽ എൽ ഇ ഡി ടെയിൽ ലൈറ്റ് എന്നിവയെല്ലാമുണ്ട്; കൂടാതെ ബുട്ടിന്റെ നീളത്തോളം എൽ ഇ ഡി സ്ട്രിപ്പും ഘടിപ്പിച്ചിട്ടുണ്ട്. രണ്ടാം നിരയിലെ യാത്രികർക്കു കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്ന കാറൻസിൽ ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ വീൽ ബേസാണു കിയ ഉറപ്പാക്കുന്നത്.
പ്രായോഗികതയ്ക്ക് ഊന്നൽ നൽകി ബോട്ട്ൽ ഹോൾഡർ, മേൽക്കൂരയിൽ ഘടിപ്പിച്ച എയർ വെന്റ്, മടക്കി ഒതുക്കി വയ്ക്കാവുന്ന പിൻ സീറ്റ്, രണ്ടാം നിരയ്ക്കായി ട്രേ ടേബിൾ തുടങ്ങിയവയൊക്കെ കാറൻസിലുണ്ടാവും. കൂടാതെ 10.25 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, എട്ടു സ്പീക്കർ സഹിതം ബോസ് ഓഡിയോ, 64 നിറത്തിലുള്ള ആംബിയന്റ് ലൈറ്റിങ്, രണ്ടാം നിര സീറ്റിന്റെ വാതിലിൽ പഡ്ൽ ലാംപ്, ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് മുൻ സീറ്റ്, കിയ കണക്റ്റ് സ്യൂട്ട് കണക്റ്റഡ് കാർ സാങ്കേതിക വിദ്യ തുടങ്ങിയവയും ലഭ്യമാവും