മോട്ടറോള എഡ്ജ് 30 ഇന്ത്യയിലെത്തി, 50 എംപി ക്യാമറ, സ്‌നാപ്ഡ്രാഗൺ 778+ 5ജി

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മോട്ടറോളയുടെ പുതിയ ഫോൺ എഡ്ജ് 30 ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം പുറത്തിറക്കിയ മോട്ടറോള എഡ്ജ് 20 ന്റെ പരിഷ്കരിച്ച പതിപ്പാണ് ഈ സ്മാർട് ഫോൺ. വിപണിയിലെ ഏറ്റവും കനം കുറഞ്ഞ ഫോണായാണ് മോട്ടറോള എഡ്ജ് 30 നെ വിശേഷിപ്പിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 778+ 5ജി, 144Hz റിഫ്രഷ് റേറ്റ് ഉള്ള ഓലെഡ് ഡിസ്‌പ്ലേ, 50-മെഗാപിക്‌സൽ ക്വാഡ് ടെക്‌നോളജി എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ.
വൺപ്ലസ്, ഷഓമി, സാംസങ് റിയൽമി തുടങ്ങി ബ്രാൻഡുകൾ സജീവമായിരിക്കുന്ന മിഡ് റേഞ്ച് സെഗ്‌മെന്റിലേക്കുള്ള കമ്പനിയുടെ ഏറ്റവും പുതിയ എൻട്രിയാണ് മോട്ടറോള എഡ്ജ് 30. മോട്ടറോള എഡ്ജ് 30 ന്റെ 6 ജിബി+128ജിബി വേരിയന്റിന്റെ വില 27,999 രൂപയാണ്. 8ജിബി+256ജിബി വേരിയന്റിന് 29,999 രൂപയുമാണ് വില. എന്നാൽ, നേരത്തേ വാങ്ങുന്നവർക്ക് 2000 രൂപ അധിക കിഴിവ് ലഭിക്കും. ഇതോടെ 6 ജിബി വേരിയന്റിന് 25,999 രൂപയായും 8 ജിബി വേരിയന്റിന് 27,999 രൂപയായും വില കുറയും. രണ്ട് നിറങ്ങളിലാണ് സ്മാര്‍ട് ഫോൺ വരുന്നത്. മോട്ടറോള എഡ്ജ് 30 മേയ് 19 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിലും റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും വിൽപനയ്‌ക്കെത്തും.

മോട്ടറോള എഡ്ജ് 30 ൽ 6.7 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലേ ആണ്. 144hz റിഫ്രഷ് റേറ്റുമുണ്ട്. എച്ച്ഡിആർ+, ഡിസി-ഡിമ്മിങ് എന്നിവ പിന്തുണയ്‌ക്കുന്നതാണ് ഡിസ്‌പ്ലേ. കൂടാതെ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് റീഡറുമായാണ് പുതിയ ഫോൺ വരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 778+ 5ജി ആണ് പ്രോസസർ.

മോട്ടറോള എഡ്ജ് 30ൽ 50 മെഗാപിക്സൽ ക്വാഡ് ടെക്നോളജി ക്യാമറ സജ്ജീകരണം ഉൾപ്പെടുന്നു. അതിൽ 50 മെഗാപിക്സൽ ആണ് പ്രൈമറി സെൻസർ. ഒപ്പം 50 മെഗാപിക്സലിന്റെ മാക്രോ സെൻസറും അൾട്രാ-വൈഡ് ലെൻസും ഉണ്ട്. സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മോട്ടറോള എഡ്ജ് 30 ആൻഡ്രോയിഡ് 12 ല്‍ ആണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 13, 14 എന്നിവയിലേക്കുള്ള അപ്‌ഗ്രേഡുകൾ ലഭിക്കുമെന്നും കൂടാതെ മൂന്നു വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും മോട്ടറോള ഉറപ്പ് നൽകുന്നു. 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4020എംഎഎച്ച് ആണ് ബാറ്ററി. പതിമൂന്ന് 5ജി ബാൻഡുകൾ, വൈഫൈ 6ഇ, 3 കാരിയർ അഗ്രിഗേഷൻ, ഡേറ്റാ വേഗത്തിനും തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കുമായി 4X4 മിമോ എന്നിവയ്ക്കുള്ള പിന്തുണ എന്നിവ മറ്റു മികവുകളാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles