തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വെടിക്കെട്ട് മാറ്റിവച്ചത്. മഴ തുടരുന്നതിനാൽ വെടിക്കെട്ട് നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ അറിയിച്ചു. ഇന്ന് വൈകീട്ട് 6.30 നാണ് വെടിക്കെട്ട് നടത്താന്‍ ഇന്നലെ ധാരണയായിരുന്നു.
ഇനി എന്നാണ് വെടിക്കെട്ട് നടത്തുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്.
പൂര പ്രേമികളുടെ കണ്ണും കാതും മനസ്സും നിറച്ച് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ മെയ് 11 ന് പൂര്‍ത്തിയായിരുന്നു. ദേശക്കാരുടെ പൂരമായിരുന്നു അന്ന് നടന്നത്. അന്നേ ദിവസം രാവിലെ 8 മണിയോടെ നായ്ക്കനാൽ പരിസരത്ത് നിന്നും തിരുവമ്പാടിയുംമണികണ്ഠനാല്‍ പരിസരത്തുനിന്ന് പാറമേക്കാവിന്‍റെയും എഴുന്നെള്ളത്ത് ആരംഭിച്ചു. പതിനഞ്ചാനകളുടെ അകമ്പടിയോടെ മേള കുലപതികളായ പെരുവനം കുട്ടന്‍ മാരാരും കിഴക്കൂട്ട് അനിയന്‍ മാരാരും പ്രമാണികളായ മേളത്തോടെയായിരുന്നു എഴുന്നെള്ളത്ത് നടന്നത്. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്.