മുന്‍നിര ബ്രാൻഡ് റെഡ്മിയുടെ പുതിയ ഹാൻഡ്സെറ്റ് ചൈനയിൽ അവതരിപ്പിച്ചു. നോട്ട് 11 സീരീസിലെ ഏറ്റവും പുതിയ സ്മാർട് ഫോണാണ് റെഡ്മി നോട്ട് 11 എസ്ഇ. റെഡ്മി നോട്ട് 11 ടി സീരീസ് ലോഞ്ച് ഇവന്റിലാണ് പുതിയ ബജറ്റ് സ്മാർട് ഫോണും പ്രഖ്യാപിച്ചത്. റെഡ്മി നോട്ട് 11 എസ്ഇ യുടെ ഡിസൈൻ കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച പോക്കോ എം3 പ്രോ 5ജിയോട് സാമ്യമുണ്ട്.
6.5 ഇഞ്ച് ഐപിഎസ് എൽസിഡിയാണ് റെഡ്മി നോട്ട് 11 എസ്ഇയുടെ പ്രധാന ഫീച്ചർ. ഇതിന് 1080 x 2400 പിക്സൽ ഫുൾ എച്ച്ഡി+ റെസലൂഷനും 90Hz റിഫ്രഷ് റേറ്റ് പിന്തുണയും ഉണ്ട്. സ്‌ക്രീനിലെ ഉള്ളടക്കത്തെ ആശ്രയിച്ച് സ്‌ക്രീൻ 30Hz-നും 90Hz-നും ഇടയിൽ റിഫ്രഷ് റേറ്റ് മാറാൻ ശേഷിയുള്ളതാണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഇല്ലെങ്കിലും സൈഡ് മൗണ്ടഡ് സ്കാനർ ലഭ്യമാണ്.

ലംബമായി വിന്യസിച്ചിരിക്കുന്ന ക്യാമറ മൊഡ്യൂളാണ് ഫോണിനുള്ളത്. 48 എംപി പ്രധാന ക്യാമറ സെൻസറിനൊപ്പം പിന്നിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ട്. അൾട്രാവൈഡ് ക്യാമറയില്ല, ഡെപ്ത് മാപ്പിങ്ങിനായി 2എംപി സെക്കൻഡറി സെൻസറുമുണ്ട്. സെൽഫികൾക്കായി ഫോണിന് 8 എംപി മുൻ ക്യാമറയുണ്ട്.
മീഡിയടെക് ഡൈമൻസിറ്റി 700 ആണ് പ്രോസസർ. ഇത് 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. സ്‌റ്റോറേജ് വിപുലീകരണത്തിനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഫോണിലുണ്ട്. റെഡ്മി നോട്ട് 11 സീരീസ് സ്മാർട് ഫോണിൽ 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് ആൻഡ്രോയിഡ് 11 ഔട്ട് ദി ബോക്‌സിൽ പ്രവർത്തിക്കുന്നു.

റെഡ്മി നോട്ട് 11 എസ്ഇയുടെ 4ജിബി + 128ജിബി അടിസ്ഥാന വേരിയന്റിന്റെ വില 1,099 യുവാൻ (ഏകദേശം 12,800 രൂപ) ആണ്. 8ജിബി + 128ജിബി വേരിയന്റിന് 1,399 യുവാനും (ഏകദേശം 16,200 രൂപ) നൽകണം. ഷാഡോ ബ്ലാക്ക്, ഡീപ് സ്പേസ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് ഇത് വരുന്നത്.