വാഷിങ്ടണ്‍: ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നായ ഇന്റര്‍നെറ്റ് എക്സ്പ്ലൊറര്‍ ബുധനാഴ്ചയോടെ ഓര്‍മയാകും. 27 വര്‍ഷത്തെ സേവനം പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്ന് മാതൃകമ്പനിയായ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചു.
വിന്‍ഡോസ് 95-ന് അധിക ഫീച്ചറായി 1995-ലാണ് മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലൊറര്‍ അവതരിപ്പിച്ചത്. പിന്നീടിത് സൗജന്യമായി നല്കാന് തുടങ്ങി. 90-കളുടെ ഒടുക്കമായപ്പോഴേക്കും എക്സ്പ്ലൊറര്‍ ഏറ്റവും പ്രചാരമുള്ള ബ്രൗസറായി മാറി. 2003-ല്‍ 95 ശതമാനമായിരുന്നു ഉപയോഗം. 11 തവണ ബ്രൗസര്‍ പുതുക്കുകയും ചെയ്തു. നിലവിലുള്ളത് എക്സ്പ്ലൊറര്‍ വേര്‍ഷന്‍ 11 ആണ്. വിവരസാങ്കേതിക മേഖലയില്‍ പെട്ടെന്നുണ്ടായ മാറ്റത്തിനൊപ്പം എക്സ്പ്ലൊററിനെ നവീകരിക്കാന്‍ കമ്പനി മെനക്കെട്ടില്ല. ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ലോകത്തേക്ക് പുതിയ വാതിലുകള്‍ തുറന്നുകിട്ടി. ഗൂഗിള്‍ ക്രോമും മറ്റും കംപ്യൂട്ടര്‍ സ്ക്രീനുകളില്‍ ആധിപത്യം സ്ഥാപിച്ചതോടെ എക്സ്പ്ലൊറര്‍ മൂലയ്ക്കിരിപ്പായി.
എക്സ്പ്ലോററിന്റെ ആത്മാവ് എഡ്ജില്‍
മൈക്രോസോഫ്റ്റ് എഡ്ജ് ആണ് ഇന്റര്‍നെറ്റ് എക്സ്പ്ലൊററിന്റെ പിന്‍ഗാമി. 2015-ല്‍ വിന്‍ഡോസ് 10-ലാണ് എഡ്ജ് അവതരിപ്പിച്ചത്. കൂടുതല്‍ വേഗവും സുരക്ഷയുമുള്ള ആധുനിക ബ്രൗസറാണ് എഡ്ജ് എന്ന് പ്രോഗ്രാം മാനേജര്‍ സീന്‍ ലിന്ഡര്സേ പറഞ്ഞു. എക്സ്പ്ലൊററിന്റെ ഗൃഹാതുരസ്മരണകള്‍ കൊണ്ടുനടക്കുന്നവര്‍ വിഷമിക്കേണ്ട. എഡ്ജ് ബ്രൗസറില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലൊറര്‍ മോഡ് ഉണ്ടാകും. ആദ്യ ബ്രൗസറിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനാണ് ഇതെന്ന് സീന്‍ ലിന്ഡര്സേ പറഞ്ഞു.
You must be logged in to post a comment Login