ദില്ലി: ആസാദ് കശ്മീർ പരാമർശത്തിൽ മുൻമന്ത്രി കെ ടി ജലീലിന് എതിരെ കേസെടുക്കണമെന്ന് ഇതുവരെ ഉത്തരവ് ഇട്ടിട്ടില്ലെന്ന് ദില്ലി റോസ് അവന്യൂ കോടതി. കെ ടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത് തനിക്ക് പറ്റിയ തെറ്റാണെന്ന് പരാതിക്കാരൻ ജി എസ് മണി കോടതിയെ അറിയിച്ചു.
സംഭവത്തില്‍ പരാതിക്കാരൻ നിരുപാധികം മാപ്പ് ചോദിച്ചു. ഉത്തരവ് കൈവശം കിട്ടിയ ശേഷമേ റിപ്പോര്‍ട്ട് ചെയ്യാവൂവെന്ന് മാധ്യമങ്ങളോട് കോടതി നിര്‍ദ്ദേശിച്ചു. പരാതിക്കാരൻ കോടതിയെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ജലീലിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, ജലീലിനെതിരെ കേസെടുക്കണമെന്ന ഹര്‍ജിയിൽ കോടതി ഇന്ന് വൈകീട്ട് നാല് മണിക്ക് വിധി പറയും. ജലീലിന്‍റെ വാദവും ഇന്ന് കോടതി കേട്ടു. ഉത്തരവ് പറയും മുമ്പ് തന്‍റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ജലീൽ അപേക്ഷ നൽകിയിരുന്നു.