Friday, September 29, 2023

കോഴിക്കോട്-പാലക്കാട് ഗ്രീൻ ഫീൽഡ് പാത; സർവേക്കിടെ സംഘർഷം

അരീക്കോട്: കോഴിക്കോട്-പാലക്കാട് ഗ്രീൻ ഫീൽഡ് പാതയ്ക്കായുള്ള ഭൂമി അടയാളപ്പെടുത്തൽ നടത്തിയത് വൻ പൊലീസ് സന്നാഹത്തോടെ. അരീക്കോട്-കാവനൂർ വില്ലേജ് അതിർത്തിയിലെ കിളിക്കല്ലിങ്ങൽ പ്രദേശത്ത് കല്ലുകൾ സ്ഥാപിക്കാനെത്തിയത് വീട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. സംഭവസ്ഥലത്ത് കുഴഞ്ഞുവീണ വീട്ടമ്മയെയും ഗൃഹനാഥനെയും പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ നിർത്തിവച്ച സ്ഥലങ്ങളിൽ കല്ലിടൽ തുടരാൻ പൊലീസ്, വനിതാ പൊലീസ്, പിങ്ക് പൊലീസ് എന്നിവരുടെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്. ഗ്രാമത്തിലെ മറ്റ് സ്ഥലങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഉച്ചയോടെ കിളിക്കല്ലിങ്ങലിൽ എത്തിയത്. രേഖ കാണിച്ചാൽ മാത്രമേ അടയാളപ്പെടുത്താൻ അനുവദിക്കൂ എന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസിന്‍റെ സഹായത്തോടെ ബലം പ്രയോഗിച്ച് അളന്നു കുറ്റിയടിക്കുകയായിരുന്നെന്നാണ് കുടുംബത്തിന്‍റെ പരാതി. 

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ടി.കെ ബീരാൻ (60), ഭാര്യ സുരയ്യ (48) എന്നിവരെ പോലീസ് അരീക്കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  സംഘർഷ സാധ്യത ഒഴിവാക്കാമായിരുന്നിട്ടും ഉദ്യോഗസ്ഥർ ധാർഷ്ട്യത്തോടെയാണ് പെരുമാറിയതെന്ന് നാട്ടുകാർ ആരോപിച്ചു. 

Related Articles

Latest Articles