Sunday, September 24, 2023

വയനാട് വീണ്ടും കടുവയിറങ്ങി; ഭീതിയിൽ നാട്ടുകാർ

വയനാട്: വീണ്ടും കടുവ ഭീതിയിൽ ചീരാൽ. വയനാട് ചീരാലിൽ പശുവിനെയാണ് കടുവ കൊന്നത്. ചീരാൽ സ്വദേശി സ്‌കറിയയുടെ പശുവാണ് ആക്രമണത്തിനിരയായത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ഇതോടെ വയനാട്ടിൽ കടുവയുടെ ആക്രമണത്തിനിരയായ വളർത്തുമൃഗങ്ങളുടെ എണ്ണം പത്തായി.

ഒരാഴ്ച മുമ്പും പ്രദേശത്ത് കടുവയിറങ്ങിയിരുന്നു. ചീരാൽ കണ്ടർമല, കരുവള്ളി പ്രദേശങ്ങളിലെ കന്നുകാലികളെ കടുവ ആക്രമിക്കുകയും ചെയ്തു. പ്രദേശത്ത് വിവിധ കെണികൾ വെച്ചിട്ടുണ്ടെങ്കിലും കടുവയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞില്ല. 16 നിരീക്ഷണ ക്യാമറകളും സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. മൂന്നാഴ്ച കൊണ്ട് ഒമ്പത് പശുക്കളെയാണ് കടുവ ഭക്ഷണമാക്കിയത്.

ജനവാസകേന്ദ്രങ്ങളിലെത്തുന്ന കടുവ കാർഷിക വിളകളും നശിപ്പിക്കുന്നുണ്ട്. ഏതാനും നാളുകൾക്ക് മുമ്പ് വയനാട് ബത്തേരിയിലും കടുവയുടെ ആക്രമണം നടന്നിരുന്നു. ഏദൻവാലി എസ്റ്റേറ്റിലെ വളർത്തുനായയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്ന എസ്‌റ്റേറ്റിലായിരുന്നു കടുവ എത്തിയത്.

Related Articles

Latest Articles