Sunday, September 24, 2023

കത്ത് വിവാദം; കൗൺസിൽ യോഗത്തിൽ സംഘർഷം, പിരിച്ചുവിട്ട് മേയര്‍

തിരുവനന്തപുരം: കൗൺസിൽ യോഗം ആവശ്യപ്പെട്ടവർ മര്യാദ കാണിക്കണമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നിയമന കത്ത് വിവാദത്തിൽ ചർച്ച വേണ്ടെന്ന് ആഗ്രഹിക്കുന്ന ചിലരാണ് യോഗത്തിൽ പ്രതിഷേധിച്ചത്. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും മേയർ പറഞ്ഞു. പ്രതിപക്ഷം എന്തിനെയാണ് ഭയപ്പെടുന്നതെന്നും മേയർ ചോദിച്ചു.

നിയമന കത്ത് വിവാദം ചർച്ച ചെയ്യാൻ ചേർന്ന തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗം ഭരണ-പ്രതിപക്ഷ സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ടു. യോഗം ആരംഭിച്ചയുടൻ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതോടെയാണ് പ്രതിഷേധം കടുത്തത്. ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കരിങ്കൊടിയും ‘മേയർ ഗോ ബാക്ക്’ ബാനറുകളും ഉയർത്തിപ്പിടിച്ച് ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി. തുടർന്ന് ഭരണപക്ഷവും മേയറെ അനുകൂലിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ബാനർ ഉയർത്തി.

കെ സുരേന്ദ്രനും വി വി രാജേഷിനുമെതിരെ ബാനറുകൾ ഉയർത്തി ഭരണപക്ഷ കൗൺസിലർമാരും പ്രതിരോധിച്ചു. ഒരു മണിക്കൂറിനുശേഷം കൗൺസിൽ യോഗം പിരിച്ചുവിട്ടതായി മേയർ അറിയിച്ചു.

Related Articles

Latest Articles