Sunday, September 24, 2023

ഗ്രൂപ്പുണ്ടാക്കാനില്ല; ലീഗ് നേതാക്കളുമായി തരൂരിന്റെ ചർച്ച

മലപ്പുറം: കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കാൻ ഉദ്ദേശ്യമില്ലെന്ന് ശശി തരൂർ എംപി. പാർട്ടിയിൽ ഇനിയൊരു ഗ്രൂപ്പുണ്ടാക്കുന്നുവെങ്കിൽ അത് ഒരുമയുടെ ഗ്രൂപ്പായിരിക്കും പാണക്കാട്ടേക്കുള്ള തന്റെ വരവിൽ അസാധാരണമായി ഒന്നുമില്ലെന്നും തരൂർ പറഞ്ഞു. മലബാർ പര്യടനത്തിന്റെ ഭാഗമായി പാണക്കാട്ട് മുസ്‌ലീം ലീഗ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്ന തരൂർ.

ശശി തരൂരിന്റേത് സൗഹൃദ സന്ദർശനമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ തരൂർ സജീവമാകണോ എന്ന ചോദ്യത്തിന്, രണ്ടു തവണ എംപിയായ തരൂർ സംസ്ഥാന നേതാവാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മറ്റു പാർട്ടികളുടെ ആഭ്യന്തരവിഷയം ലീഗ് ചർച്ച ചെയ്യാറില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

മലബാര്‍ പര്യടനത്തെചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് ശശി തരൂര്‍ പാണക്കാട്ടെത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ , പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. എം.കെ.രാഘവന്‍ എം.പിയും ഒപ്പമുണ്ടായിരുന്നു. ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ ലീഗിനുണ്ട്. കോണ്‍ഗ്രസിന്‍റെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെടാതെയും പരസ്യപ്രസ്താവന നടത്താതെയും കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ലീഗിന്‍റെ തീരുമാനം.

Related Articles

Latest Articles