കോട്ടയം: പാലാ നഗരസഭയിൽ പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതിനെച്ചൊല്ലി ഇടതുമുന്നണിയിൽ ഭിന്നത. കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാനായിരുന്നു സി.പി.എമ്മിൽ ധാരണയായത്. എന്നാൽ ബിനുവിനെ അംഗീകരിക്കാനാകില്ലെന്ന് കേരള കോൺഗ്രസ് (എം) നിലപാടെടുത്തതോടെ ആശയക്കുഴപ്പം രൂക്ഷമായി.
ബിനുവിനെ അല്ലാതെ മറ്റേതെങ്കിലും സി.പി.എം കൗൺസിലറെ ചെയർമാനാക്കിയാലും സ്വീകരിക്കുമെന്നും ജോസ് കെ.മാണി സി.പി.എം നേതാക്കളെ അറിയിച്ചു. കേരള കോൺഗ്രസ് കൗൺസിലർ ബൈജുവിനെ ബിനു നേരത്തെ മർദ്ദിച്ചതാണ് ഈ നിലപാടിനു കാരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ തോൽപ്പിക്കാൻ ബിനു ശ്രമിച്ചെന്ന പരാതിയും മാണി ഗ്രൂപ്പിനുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സി.പി.എം ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പാർലമെന്‍ററി പാർട്ടി യോഗം ചേരുമെന്നാണ് വിവരം.
