Tuesday, October 3, 2023

വന്യമൃഗ ആക്രമണം: വനംമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം

വയനാട്: വന്യമൃഗ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം. കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ കളക്ടർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വന്യമൃഗ ശല്യം തടയാൻ സ്വീകരിക്കേണ്ട നടപടികൾ, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.

യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്‍റെ കുടുംബത്തെ വനം മന്ത്രി സന്ദർശിക്കും. തോമസിന്‍റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായ 10 ലക്ഷം രൂപ ഇന്നലെ കൈമാറിയിരുന്നു. 

അതേസമയം, പാലക്കാട്ടും പരിസരത്തും ഇറങ്ങുന്ന പിടി 7നെ പിടികൂടാനുള്ള ടാസ്ക് ഫോഴ്സിൽ ചേരേണ്ട വയനാട്ടിലെ അംഗങ്ങൾ എപ്പോഴെത്തുമെന്നും ഇന്ന് അറിയാൻ കഴിയും. വയനാട്ടിൽ പലയിടത്തും ഇടവേളകളില്ലാതെ വന്യജീവി ആക്രമണം ഉണ്ടാവുന്നതും പിടികൂടൽ ദൗത്യം നടക്കുന്നതാണ് വരവ് വൈകാൻ കാരണം. പിടി 7നെ പിടികൂടിയാൽ താമസിപ്പിക്കാനുള്ള കൂടും ധോണിയിൽ ഒരുക്കിയിട്ടുണ്ട്.

Vismaya News Live Tv

Latest Articles