ലോകസിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസുകളിലൊന്നാണ് അവതാർ 2. ജെയിംസ് കാമറൂണിന്‍റെ 2009 ലെ ആദ്യ ചിത്രം ഉണ്ടാക്കിയ വമ്പന്‍ ബോക്സ് ഓഫീസ് നേട്ടം തന്നെയായിരുന്നു ഇതിന് കാരണം. റിലീസിന് ശേഷം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ചിത്രം ആഗോള ബോക്സ് ഓഫീസിൽ മുന്നേറുകയാണ്.
ചിത്രം ഇതിനകം ആഗോള ബോക്സ് ഓഫീസിൽ 1.9 ബില്യൺ ഡോളർ (15,538 കോടി രൂപ) നേടി. ഇന്ത്യൻ കളക്ഷനിൽ ഒന്നാമതെത്തുക മാത്രമല്ല, റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോൾ, ഇന്ത്യയിലെ ഐമാക്സ് സ്ക്രീനുകളിൽ നിന്ന് മാത്രം ചിത്രം നേടിയ കണക്കുകൾ പുറത്തുവന്നു.
ആഗോളതലത്തിൽ ഐമാക്സ് സ്ക്രീനുകളിൽ നിന്ന് ചിത്രം ഇതിനകം 200 മില്യൺ ഡോളർ (1,635 കോടി രൂപ) നേടി. ഇന്ത്യയിലും ഐമാക്സ് തിയേറ്ററുകളിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിരുവനന്തപുരത്ത് ഉൾപ്പെടെ ഇന്ത്യയിൽ ആകെ 23 ഐമാക്സ് സ്ക്രീനുകളാണുള്ളത്. ഇവിടെ നിന്ന് 37 കോടി രൂപയാണ് ചിത്രം ഇതിനോടകം നേടിയത്. അവതാർ 2 നിലവിൽ ലോകത്തിലെ എക്കാലത്തെയും ഐമാക്സ് റിലീസ് കളക്ഷൻ്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ്. 44 മാര്‍ക്കറ്റുകളിൽ ഒന്നാമതും.
