Sunday, September 24, 2023

കെ വി തോമസിന് ക്യാബിനറ്റ് റാങ്ക്; ഡൽഹിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി

തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കും. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കി എട്ട് മാസത്തിന് ശേഷമാണ് പുതിയ നിയമനം.

കോൺഗ്രസ് നിർദേശം ലംഘിച്ച് കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനെ തുടർന്നാണ് കെ.വി തോമസ് കോൺഗ്രസിൽ നിന്ന് അകന്നത്. നിരവധി തവണ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണ് അന്ന് തോമസ് പ്രതികരിച്ചത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പങ്കെടുത്ത സി.പി.എം വേദിയിൽ കെ.വി തോമസ് എത്തിയിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് തിരിച്ചടി നേരിട്ടതിന് പിന്നാലെ കെ.വി തോമസിനെതിരെ പരസ്യ പ്രസ്താവനയുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്‍റെ വൻ വിജയത്തിന് പിന്നാലെ കെ.വി തോമസിന്‍റെ കോലവും പ്രവർത്തകർ കത്തിച്ചു. കേന്ദ്രമന്ത്രിമാരുമായുള്ള കെ വി തോമസിന്റെ അടുത്ത ബന്ധം കണക്കിലെടുത്താണ് പുതിയ പദവി. നേരത്തെ എ സമ്പത്ത് എംപിയാണ് ഈ പദവി വഹിച്ചിരുന്നത്. 

Related Articles

Latest Articles