Tuesday, October 3, 2023

സർക്കാർ കള്ളക്കണക്ക് പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു: വി ഡി സതീശൻ

കൊച്ചി: കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ ആരംഭിച്ചെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെറ്റായ കണക്കുകൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

റിസർവ് ബാങ്കിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനമാണ് കേരളം. വ്യാവസായിക യൂണിറ്റുകളിൽ തമിഴ്നാടിന് 4.5 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപവും കേരളത്തിന് 0.76 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപവുമാണുള്ളത്. വിവിധ വ്യവസായ യൂണിറ്റുകളിലായി തമിഴ്നാട് 26 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചപ്പോൾ കേരളത്തിലത് വെറും 3.34 ലക്ഷമായിരുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളുടെ കാര്യത്തിലും ദക്ഷിണേന്ത്യയിൽ ഏറ്റവും പിന്നിലാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

“ബാങ്കുകളിൽ നിന്ന് നേരിട്ട് വായ്പയെടുത്ത് വ്യക്തികൾ സ്വന്തമായി ആരംഭിക്കുന്ന സംരംഭങ്ങൾ സർക്കാരിന്റെ കണക്കിൽപ്പെടുത്താനാണ് വ്യവസായ വകുപ്പ് ശ്രമിക്കുന്നത്. കേരളത്തിന്‍റെ വ്യാവസായിക വികസനത്തിനും സാമ്പത്തിക പുരോഗതിക്കും വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ല. അടിസ്ഥാന രഹിതമായ കണക്കുകൾ നിരത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം കൊച്ചിയില്‍ നടന്ന സംരംഭക സംഗമത്തില്‍ നിന്ന് വിട്ടുനിന്നത്,” സതീശൻ കൂട്ടിച്ചേർത്തു.

Vismaya News Live Tv

Latest Articles