തിരുവനന്തപുരം: സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ കേസിൽ സസ്പെൻഷനിലായ മംഗലപുരം എ.എസ്.ഐ എസ്.ജയന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കഴക്കൂട്ടം പൊലീസാണ് ജയനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഗുണ്ടാ ബന്ധത്തിന്‍റെ പേരിൽ മംഗലപുരം സ്റ്റേഷനിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് ജയൻ.
സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തതെന്ന് ആരോപിച്ച് പ്രതി സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സാജിദിനെ വിളിച്ച് വധഭീഷണി മുഴക്കുകയായിരുന്നു. എസ്.ഐയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. സംഭവത്തിൽ എസ്.ഐ സാജിദ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ജയനെതിരെ കേസെടുത്തത്.
തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ സ്വീപ്പർ ഒഴികെയുള്ള 31 പൊലീസുകാർക്കെതിരെയും ഗുണ്ടാ ബന്ധത്തിന്‍റെ പേരിൽ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സിനിമയെ പോലും വെല്ലുന്ന തരത്തിൽ ഗുണ്ടാ-പൊലീസ് കൂട്ടുകെട്ട് പുറത്ത് വന്നതോടെയാണ് നാണക്കേട് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചത്. എസ്.എച്ച്.ഒ അടക്കം ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ബാക്കിയുള്ളവരെ സ്ഥലം മാറ്റുകയും ചെയ്തു.
പീഡനക്കേസ്, ഗുണ്ടകളുമായുള്ള ബന്ധം, ഗുണ്ടകളുടെ പാർട്ടിയിലെ സന്ദർശനങ്ങൾ, ഗുണ്ടകൾക്ക് വിവരങ്ങൾ ചോർത്തൽ തുടങ്ങിയ പൊലീസിന്‍റെ അവിശുദ്ധ ബന്ധങ്ങളെക്കുറിച്ച് നിരവധി വിശദാംശങ്ങൾ സ്പെഷ്യൽ ബ്രാഞ്ച്-ഇന്‍റലിജൻസ് റിപ്പോർട്ടിലുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിൽ ക്രിമിനൽ ബന്ധമുള്ളവർക്കെതിരെ കൂട്ടായ നടപടി സ്വീകരിക്കാൻ തീരുമാനമായത്.
