Tuesday, October 3, 2023

ചികിത്സ നിഷേധിച്ചെന്ന് പരാതി; കളക്ടര്‍ റിപ്പോര്‍ട്ട് തേടി

തൃശ്ശൂർ: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന വ്യാജേന ആദിവാസി മൂപ്പന്റെ ചികിത്സ നിഷേധിച്ച സംഭവത്തിൽ കളക്ടർ റിപ്പോർട്ട് തേടി. ജില്ലാ മെഡിക്കൽ ഓഫീസറോടാണ് റിപ്പോർട്ട് നൽകാൻ കളക്ടർ ആവശ്യപ്പെട്ടത്. തൃശൂർ പുത്തൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ഡോക്ടർ ചികിത്സ നിഷേധിച്ചെന്നാണ് പരാതി. പുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗിരീഷിനെതിരെയാണ് ആരോപണം. വല്ലൂർ സ്വദേശികളായ രമേശൻ, വൈഷ്ണവ് എന്നിവരാണ് അപകടത്തിൽപ്പെട്ട് ചികിത്സ തേടിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. രമേശനും മകൻ വൈഷ്ണവും ബൈക്കിൽ സഞ്ചരിക്കുമ്പോൾ പുത്തൂരിൽ വച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 1.30 ഓടെ ഇരുവരെയും പുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഒ.പി സമയം കഴിഞ്ഞെന്നായിരുന്നു മറുപടി. അരമണിക്കൂറോളം കാത്തിരുന്നു. വാക്കുതർക്കമുണ്ടായതിനെ തുടർന്ന് ഡോക്ടർ കാർ എടുത്തു പോയെന്നാണ് പരാതിയിൽ പറയുന്നത്.

ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നല്കി. വൈഷ്ണവിന്‍റെ വലതുകൈക്ക് പൊട്ടലുണ്ട്. പിതാവ് രമേശനും പരിക്കുണ്ട്. കേരള പൊലീസ് അക്കാദമിയിൽ ജോലി ചെയ്യുന്ന രമേഷ് വല്ലൂർ ആദിവാസി കോളനിയിലെ മൂപ്പൻ കൂടിയാണ്.  അതേസമയം, ഇരുവരും എത്തിയപ്പോൾ മൂത്രമൊഴിക്കാൻ പോയെന്നാണ് ഡോക്ടറുടെ വിശദീകരണം. മടങ്ങിയെത്തിയപ്പോൾ വൈകിയെന്ന് ആരോപിച്ച് ബഹളമുണ്ടാക്കി. നഴ്സുമാർ ചികിത്സ നൽകാൻ തയ്യാറായിരുന്നെങ്കിലും വഴങ്ങാതെ മടങ്ങുകയായിരുന്നു. രമേശന്‍റെ പരാതിയിൽ ഒല്ലൂർ പൊലീസ് കേസെടുത്തു.  ചികിത്സ നിഷേധിച്ച ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് രമേശൻ കളക്ടർക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Vismaya News Live Tv

Latest Articles