തിരുവനന്തപുരം: തലസ്ഥാനത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ബി.ബി.സി ഡോക്യുമെന്‍ററി പ്രദർശന വേദിയിൽ ബി.ജെ.പിയുടെ പ്രതിഷേധം. പൂജപ്പുര തിരുമല റോഡിൽ പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് പൂജപ്പുര റോഡ് നേരത്തെ തന്നെ പോലീസ് അടച്ചിരുന്നു.
ബിബിസി ഡോക്യുമെന്‍ററി പ്രദർശന വേദിയിലെ ബാരിക്കേഡ് തകർക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്നാണ് പൂജപ്പുരയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. വനിതാ ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു. ബാരിക്കേഡില്ലാതെ വിടവിലൂടെ കടന്നുപോകാനുള്ള ശ്രമവും പോലീസ് തടഞ്ഞു. ബി.ജെ.പി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷവുമുണ്ടായി.
