കണ്ണൂര്‍: കൂത്തുപറമ്പ് വേങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഗാനമേളക്കിടെ സംഘർഷം. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചതായി പരാതി. സ്കൂൾ വാർഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെയാണ് സംഭവം. പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ ചികിത്സ തേടി.
ഗാനമേളക്കിടെ വേദിക്ക് മുന്നിൽ നൃത്തം ചെയ്തതിനു ഒരു കൂട്ടം നാട്ടുകാർ തങ്ങളെ മർദ്ദിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു. നാട്ടുകാർ വിദ്യാർത്ഥികളെ ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് നാട്ടുകാർ ചേർന്ന് മർദ്ദിച്ചതായും വിദ്യാർത്ഥികൾ പറഞ്ഞു. ഒരു വിദ്യാർത്ഥിയെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും പരാതി നൽകിയിട്ടുണ്ടെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
