Friday, March 24, 2023

പുലി ചത്ത സംഭവം; ജനത്തിന്റെ ഭാഗത്ത് നിസ്സഹകരണം ഉണ്ടായെന്ന് വനം മന്ത്രി

പാലക്കാട്: മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ ജനങ്ങളുടെ നിസ്സഹകരണത്തെ വിമർശിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. പുലിയെ മയക്കുവെടിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വനംവകുപ്പ് നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കണം. ഫോട്ടോയും മറ്റും എടുത്ത് പ്രകോപിപ്പിക്കാൻ ശ്രമിക്കരുത്. മണ്ണാർക്കാട്ടെ ചിലർ ഫോട്ടോയെടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം സമയങ്ങളിൽ വനപാലകർ നൽകുന്ന നിർദേശങ്ങൾ നാട്ടുകാർ പാലിക്കണം. ചത്ത പുലിയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകൂവെന്നും വനം മന്ത്രി പറഞ്ഞു.

മണ്ണാർക്കാട് മേക്കളപ്പാറയിൽ ഫിലിപ്പ് എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിൽ ഇന്ന് പുലർച്ചെ 1.30 ഓടെയാണ് ആൺപുലി കുടുങ്ങിയത്. കോഴിക്കൂടിന്‍റെ വലയിൽ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം കൂട്ടിൽ നിന്നു. ഇതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരും മറ്റുള്ളവരും എത്തി. കൂട്ടിൽ നിന്ന് പുലി പുറത്തേക്ക് ചാടുന്നത് തടയാൻ വല കെട്ടിയിട്ടിരുന്നു. ഇവിടെ നിന്ന് ആളുകളെയും ഒഴിപ്പിച്ചു. മയക്കുവെടി വച്ച് പുലിയെ പിടികൂടാനായിരുന്നു ശ്രമം. എന്നാൽ രാവിലെ 7.15 ഓടെ പുലി ചത്തു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

പുലിയുടെ ജഡം മണ്ണാർക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റും. എൻടിസി മാനദണ്ഡ പ്രകാരമുള്ള സമിതിയുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. ഒരു സുവോളജിസ്റ്റ്, 2 വെറ്ററിനറി ഡോക്ടർമാർ, ഒരു തദ്ദേശ സ്ഥാപനത്തിന്‍റെ പ്രതിനിധി, ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ പ്രതിനിധി എന്നിവരുണ്ടാകും. പുലിയുടെ മൃതദേഹം ഇപ്പോൾ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലാണ് ഉള്ളത്. 

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles