Friday, March 24, 2023

ഇടുക്കിയിലെ കാട്ടാന ആക്രമണം; അസാധാരണ സാഹചര്യമെന്ന് വനംമന്ത്രി

ഇടുക്കി : ഇടുക്കിയിൽ 10 ദിവസമായി അസാധാരണമായ നിലയിൽ കാട്ടാനകളുടെ ആക്രമണം നടക്കുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് ഗാർഡ് ശക്തിവേലിന്‍റെ അവിവാഹിതയായ മകൾക്ക് ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു. കാട്ടാന റേഷൻ കട നശിപ്പിച്ച പശ്ചാത്തലത്തിൽ റേഷൻ വീടുകളിൽ എത്തിക്കാൻ ശ്രമിക്കുമെന്നും ഇതിനായി ഇടുക്കി ജില്ലാ കളക്ടർ നാളെ ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. 

ഇടുക്കിയിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട് വനം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. ശക്തിവേലിന്‍റെ മകൾക്ക് ജോലി നൽകുന്നതിനൊപ്പം ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ നിരീക്ഷിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വയനാട്ടിൽ നിന്നുള്ള സംഘം ഇടുക്കിയിലെത്തുമെന്നും മന്ത്രി പറഞ്ഞു. ശക്തിവേലിന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്ന നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കാട്ടാനകളുടെ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ജനകീയ മുഖം സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് വനംവകുപ്പ്. സർക്കാർ ഭൂമിയിൽ നിന്ന് മരം മുറിച്ച കേസിൽ അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിനെ തിരിച്ചെടുത്ത സംഭവത്തിൽ വിഷയം പ്രത്യേകം പഠിച്ചിട്ടില്ല എന്ന് മന്ത്രി പറഞ്ഞു. മണ്ണാർക്കാട് വീണ്ടും പുലിയെ കണ്ട സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ കാട്ടിൽ ഒരു പുലി മാത്രമല്ല ഉണ്ടാവുകയെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles