ചെന്നൈ: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ മുൻ നിര താരങ്ങൾക്കൊപ്പം വില്ലൻ വേഷങ്ങൾ ചെയ്ത നടനാണ് പൊന്നമ്പലം. എന്നാൽ ഒരു വർഷത്തിലേറെയായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇപ്പോൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയിരിക്കുകയാണ് പൊന്നമ്പലം.
ബന്ധുവും ഹ്രസ്വചിത്ര സംവിധായകനുമായ ജഗന്നാഥനാണ് പൊന്നമ്പലത്തിനായി വൃക്ക ദാനം ചെയ്തത്. ഫെബ്രുവരി 6ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഫെബ്രുവരി 10 നു വിജയകരമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് പണം സ്വരൂപിക്കണമെന്ന് പൊന്നമ്പലം നേരത്തെ സഹപ്രവർത്തകരോട് അഭ്യർത്ഥിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. ശസ്ത്രക്രിയയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർക്ക് പൊന്നമ്പലം നന്ദി അറിയിച്ചു.
അനാരോഗ്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം ഇരുപതിലധികം തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊന്നമ്പലം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നടൻമാരായ കമൽ ഹാസൻ, ചിരഞ്ജീവി, ശരത്കുമാർ, ധനുഷ്, അർജുൻ, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകൻ കെ.എസ്.രവികുമാർ തുടങ്ങിയവർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
