കോട്ടയം: കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ സിപിഒ മുഹമ്മദ് ബഷീർ തമിഴ്നാട്ടിലെ ഏർവാടി പള്ളിയിലുണ്ടെന്ന് വിവരം. ബഷീർ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടുകയും രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്ന് അറിയിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ബഷീറിനെ ക്വാട്ടേഴ്‌സില്‍ നിന്ന് കാണാതായത്. വാറണ്ട് പ്രതിയെ പിടികൂടാൻ ബഷീർ പോകാനിരിക്കെയായിരുന്നു സംഭവം. കോട്ടയത്ത് നിന്ന് ബഷീർ ട്രെയിനിൽ കയറിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.
അമിത ജോലിഭാരം കാരണം ബഷീർ സമ്മർദ്ദത്തിലായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ദീർഘകാലമായി നിലനിൽക്കുന്ന വാറണ്ട് കേസിലെ പ്രതികളെ പിടികൂടണമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചിരുന്നു. ഏകദേശം 50 എൽ.പി. വാറണ്ട് കേസുകളുടെ ചുമതല ബഷീറിനുണ്ടായിരുന്നെന്നാണ് വിവരം.