Sunday, April 2, 2023

മോദി-അദാനി കോർപ്പറേറ്റ് രാഷ്ട്രീയത്തിനെതിരെ എറണാകുളത്ത് “മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം”

എറണാകുളം: ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 11 ന് കണ്ണൂരിൽ തുടക്കം കുറിച്ച “മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം” മാർച്ച് 18 ന് എറണാകുളത്ത് അരങ്ങേറും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളും സാമൂഹ്യ-സാംസ്കാരിക- മത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. അടുത്ത ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ 14 ജില്ലകളിലും, ഇന്ത്യയിലെ 30 സംസ്ഥാനങ്ങളിലും, 20 രാജ്യങ്ങളിലും സമ്മേളനങ്ങൾ നടത്തുവാനാണ് ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ച് ബിജെപി നേതാക്കൾ നടത്തുന്ന അന്താരാഷ്ട്ര കച്ചവട തന്ത്രങ്ങൾ, ഇന്ത്യയിലെ സാധാരണക്കാരായ ജനകോടികളെ ബോധ്യപ്പെടുത്തുവാനാണ് രാജ്യം മുഴുവൻ സമ്മേളനങ്ങൾ നടത്തുന്നതെന്ന് ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ അന്താരാഷ്ട്ര പ്രസിഡണ്ട് രാജീവ് ജോസഫ് വ്യക്തമാക്കി.

അന്താരാഷ്ട്ര കോർപ്പറേറ്റുകളുടെ സാമ്പത്തിക സഹായത്തോടെ മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂൺ മാത്രമാണ് നരേന്ദ്രമോദിയെന്ന് രാജീവ് ജോസഫ് ആരോപിച്ചു. മോദിയെ അവതാര പുരുഷനാക്കി ചിത്രീകരിച്ചുകൊണ്ട് ലോകം മുഴുവൻ സംഘപരിവാർ നടത്തിയ പ്രചാരണങ്ങൾക്ക് പുറകിൽ രാജ്യത്തെ ഹിന്ദുമത വിശ്വാസികളല്ല; അദാനിമാരും അംബാനിമാരും ഉൾപ്പെടുന്ന അന്താരാഷ്ട്ര കോർപ്പറേറ്റുകൾ മാത്രമാണ്. വർഗ്ഗീയത ആളിക്കത്തിച്ച്, ജനകോടികളുടെ മതവിശ്വാസത്തെ ചൂഷണം ചെയ്ത് ഇന്ത്യയുടെ ഭരണവും സമ്പത്തും പിടിച്ചെടുക്കുക എന്നതാണ് കോർപ്പറേറ്റുകളുടെ ലക്ഷ്യം. അതിനായി അവർ ബില്യൺ കണക്കിന് ഡോളറുകൾ ചിലവിട്ടുകഴിഞ്ഞു. രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളേയും ഭീഷണിപ്പെടുത്തിയും പണം കൊടുത്തും ആദ്യം നിശബ്ദമാക്കി. പിന്നീട് ഓരോ മാധ്യമങ്ങളും മോദിയെ അവതാര പുരുഷനാക്കിക്കൊണ്ട്, രാജ്യത്തെ ഹിന്ദുമത വിശ്വാസികളുടെ രക്ഷകനായി ചിത്രീകരിച്ചു. വാ തുറന്നാൽ വർഗ്ഗീയത മാത്രം വിളമ്പുന്ന സംഘപരിവാറിന്റെ നേതൃത്വത്തിൽ രാജ്യം മുഴുവൻ മത സ്പർദ്ദ വളർത്തിക്കൊണ്ട് ഹിന്ദുവിനേയും മുസ്ളീമിനെയും തമ്മിലടിപ്പിക്കാനുള്ള കുതന്ത്രങ്ങൾ ഉണ്ടാക്കിയതും ഈ രാജ്യത്തെ കോർപ്പറേറ്റുകളാണെന്നും രാജീവ് ജോസഫ് ആരോപിച്ചു. കാൽ കാശിന് വിവരമില്ലാത്ത വർഗ്ഗീയ ഭ്രാന്തന്മാരായ ചില ആർ.എസ്സ്.എസ്സ് നേതാക്കളുടെ വിഷം ചീറ്റുന്ന പ്രസംഗങ്ങൾ സാധാരണക്കാരായ ഹിന്ദുമത വിശ്വാസികൾക്കിടയിൽ ചർച്ചയാക്കുന്നു. ഇതെല്ലാം കൊട്ടിഘോഷിക്കാൻ മാധ്യമങ്ങൾ മത്സരിക്കുമ്പോൾ, രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളെല്ലാം അന്ധംവിട്ടുനോക്കിനിൽക്കുകയാണ്. മോദിയുടെ ഫാസിസ്റ്റ് – കോർപ്പറേറ്റ് ഭരണത്തിനെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിക്കുമ്പോൾ, കോൺഗ്രസുകാർ പോലും നിസ്സംഗതയോടെ അനങ്ങാതിരിക്കുന്നത് മോദിയുടെ പ്രതികാര രാഷ്ട്രീയത്തെ പേടിച്ചാണ്. മോദിയെ തോൽപ്പിക്കാനുള്ള രാഷ്ട്രീയ ശക്തി പ്രതിപക്ഷ പാർട്ടികൾക്കില്ലെന്ന് ഗോദി മാധ്യമങ്ങൾ പ്രചരിപ്പിപ്പിക്കുമ്പോൾ, അത് ലോകം മുഴുവൻ ചർച്ചയാക്കുവാൻ മുന്നിൽ നിൽക്കുന്നത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൻമാരും പ്രവർത്തകരുമാണെന്ന് കോൺഗ്രസ് നേതാവുകൂടിയായ രാജീവ് ജോസഫ് കുറ്റപ്പെടുത്തി. നേതാക്കന്മാരുടെയും പ്രവർത്തകരുടേയും ഈ നിലപാട് മാറ്റിയേ മതിയാകൂ. മോദിയെ പരാജയപ്പെടുത്താനാകില്ലെന്ന ചിന്തകൾ മാറ്റിവെച്ചുകൊണ്ട്, മോദിയെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ തന്ത്രങ്ങൾ അടിയന്തിരമായി നാം ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ദേശീയ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി അണിനിരന്നാൽ, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുന്നൂറിലധികം സീറ്റുകൾ ബിജെപിക്ക് ലഭിക്കില്ല. കോൺഗ്രസിനോടപ്പം ഇപ്പോൾ നിൽക്കുന്ന പ്രാദേശിക -ദേശീയ പാർട്ടികൾ കൂടാതെ, ബംഗാളിൽ മമതാ ബാനർജിയുമായും, ബീഹാറിൽ നിതീഷ് കുമാറുമായും, യുപിയിൽ അഖിലേഷ് യാദവുമായും, മായാവതിയുമായും, ഒറീസ്സയിൽ നവീൻ പട്നായ്ക്കുമായും, തെലുങ്കാനയിൽ കെ.ചന്ദ്രശേഖര റാവുമായുമൊക്കെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പേ, സഖ്യമുണ്ടാക്കിയാൽ, തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മോദിയും അമിത് ഷായും രാജ്യം വിടേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. ഇതേക്കുറിച്ച് കൃത്യമായി ബോധ്യമുള്ളത് നരേന്ദ്രമോദിക്കും അമിത്ഷാക്കും വേണ്ടി പ്രവർത്തിക്കുന്ന ബുദ്ധികേന്ദ്രങ്ങൾക്കാണ്. ആയതിനാൽ ഈ പാർട്ടികളെയെല്ലാം കോൺഗ്രസിൽ നിന്നും അകറ്റി നിർത്തുവാനും തമ്മിലടിപ്പിക്കുവാനുമുള്ള ശ്രമങ്ങൾ ഇവർ ആരംഭിച്ചുകഴിഞ്ഞു. ഇതിനെ ചെറുക്കുവാൻ വിവിധ പാർട്ടികളുടെ ദേശീയ നേതാക്കൾ വേണ്ടത്ര ഉന്മേഷം കാണിക്കാത്ത സാഹചര്യത്തിലാണ്, ഇന്ത്യയിലെ മുഴുവൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടേയും താഴേതട്ടിലുള്ള നേതാക്കെളെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട്, ബിജെപിയുടെ വർഗ്ഗീയ-കോർപറേറ്റ് രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ ലോകമെമ്പാടുമുള്ള ഭാരതീയരുടെ ജനകീയ രാഷ്ട്രീയ മുന്നേറ്റമായി “മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനങ്ങൾ” രാജ്യമെമ്പാടും സംഘടിപ്പിക്കുന്നതെന്ന് രാജീവ് ജോസഫ് പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ ഈ സമ്മേളനങ്ങൾ സംഘടിപ്പിച്ചാൽ, എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും സഹകരണം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ ബാനറിൽ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി – സൗത്ത് ഇന്ത്യൻ സെല്ലിന്റെ ഡെൽഹി സംസ്ഥാന അദ്ധ്യക്ഷനാണ് രാജീവ് ജോസഫ്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപേ കോൺഗ്രസിനും സി.പി.എമ്മിനും കേരളത്തിൽ സഖ്യമുണ്ടാക്കുവാൻ കഴിയില്ലെങ്കിലും, തിരഞ്ഞെടുപ്പിനുശേഷം ഈ രണ്ടു പാർട്ടികളും ബിജെപിക്കെതിരെ സഖ്യത്തിലേർപ്പെടേണ്ടി വരുമെന്ന് ഉറപ്പാണ്. ഇക്കാര്യം മനസ്സിലാക്കിക്കൊണ്ടുവേണം രണ്ടു പാർട്ടികളും അടുത്ത ഒരുവർഷക്കാലം രാഷ്ട്രീയം കളിക്കേണ്ടത്. വാ വിട്ട വാക്കുകളും കൈവിട്ട കളികളും ഇരു പാർട്ടികളും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മൂന്നരക്കൊല്ലം കഴിഞ്ഞു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുവാൻ വേണ്ടി, കോൺഗ്രസ് – സി.പി.എം നേതാക്കൾ ഇപ്പോളേ മത്സരിക്കേണ്ടതില്ല. അല്പവും കൂടി ആത്മസംയമനം പാലിച്ചുകൊണ്ട് ഇരു പാർട്ടികളുടേയും നേതാക്കൾ ഇനിയെങ്കിലും പ്രവർത്തിച്ചില്ലെങ്കിൽ, അടുത്തകൊല്ലം രാജ്യം നേരിടാൻ പോകുന്നത് വൻ രാഷ്ട്രീയ ദുരന്തമായിരിക്കുമെന്ന് രാജീവ് ജോസഫ് ഓർമ്മിപ്പിച്ചു. ഈ സാഹചര്യത്തിൽ മാർച്ച് 18 ന് എറണാകുളത്ത് നടക്കുന്ന “മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനത്തിൽ” കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും പ്രതിനിധികൾ, പ്രാദേശിക രാഷ്ട്രീയ വൈരം മാറ്റിവെച്ച് പങ്കെടുക്കണമെന്ന് രാജീവ് ജോസഫ് അഭ്യർത്ഥിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles