Sunday, April 2, 2023

നിയമ സഭയിലെ ബഹളം; ഭരണപക്ഷത്തെ ശാസിച്ച് സ്പീക്കർ

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി തിങ്കളാഴ്ച സഭ പിരിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിച്ച് കൊണ്ടിരിക്കെ ഭരണപക്ഷം ബഹളം വെച്ചതിനെ തുടർന്ന് സ്പീക്കർ എ.എൻ ഷംസീർ ഭരണപക്ഷത്തെ ശാസിച്ചു. കളമശേരിയിൽ നികുതി വർധനയ്ക്കെതിരായി കോൺഗ്രസ് നടത്തിയ സമരത്തെ പൊലീസ് നേരിട്ട വിഷയത്തിലൂടെ സർക്കാരിനെ തുറന്നുകാട്ടുകയായിരുന്നു കോൺഗ്രസിന്‍റെ ലക്ഷ്യം. ചെറിയ നികുതി വർധനയാണുണ്ടായതെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു.

തന്നെ ആക്രമിച്ചത് ഉൾപ്പെടെ ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിൽ ഉന്നയിച്ച വിഷയങ്ങൾ ഭരണപക്ഷത്തെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ മലയാള പരിഭാഷയായി പിണറായി വിജയന്‍റെ സർക്കാർ മാറിയെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. കറുപ്പിനെ ഭയപ്പെടുന്നവനെന്ന പരിഹാസത്തിൽ പ്രകോപിതനായ മുഖ്യമന്ത്രി മാധ്യമങ്ങളെ വിമർശിച്ചു. കേരളത്തിലെ ചില മാധ്യമങ്ങൾ ഈ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി അവർ സൃഷ്ടിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ഇങ്ങനെയുള്ള നിലപാടുകളാണ് അവര്‍ക്ക് കൂടുതല്‍ ഹരം പകരുന്നത്. നമ്മുടെ സംസ്ഥാനത്തെ ഒരു തരത്തിലും മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന നിലപാടാണ് ചിലർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ എസ് യു പ്രവർത്തക മിവ ജോളിയെ ആക്രമിച്ച കാര്യം ഉന്നയിച്ച് പെണ്‍കുട്ടികളെ ആക്രമിക്കുന്നത് സര്‍ക്കാരിന് നിസാരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞതോടെ ഭരണപക്ഷം കൂടുതൽ അസ്വസ്ഥരായി. ഇതോടെയാണ് ഭരണപക്ഷം ബഹളം വെയ്ക്കാൻ തുടങ്ങിയത്. അപ്പോഴാണ് പ്ലീസ് മിണ്ടാതിരിക്കണമെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ പ്രതിപക്ഷം അനങ്ങിയിട്ടില്ലെന്നും അതുകൊണ്ട് ഭരണപക്ഷം നിശബ്ദമായിരിക്കണമെന്നും സ്പീക്കർ പറഞ്ഞത്. പ്ലക്കാഡുകളുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തിയതോടെ സഭ തത്ക്കാലത്തേക്ക് പിരിഞ്ഞു. 20 മിനിറ്റ് കഴിഞ്ഞ് സഭ വീണ്ടും ആരംഭിച്ചപ്പോൾ പ്രതിപക്ഷം വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. ഇരുകൂട്ടരും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles