തിരുവനന്തപുരം: സ്കൂൾ കലോത്സവം നടത്തിപ്പിൽ വീഴ്ച വരുത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ലോകായുക്ത. 2022 ലെ ഉപജില്ലാതല സ്കൂൾ കലോത്സവ അപ്പീൽ കമ്മിറ്റി ചെയർമാനായി സേവനമനുഷ്ഠിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ സുരേഷ് ബാബു ആർ എസിനെതിരെയാണ് നടപടിയ്ക്ക് ശുപാർശ ചെയ്തത്.
ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത പട്ടം ഗവണ്മെന്റ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികളാണ് സംഘാടകർക്കെതിരെ പരാതി നൽകിയത്. ഒപ്പനയിൽ മത്സരിച്ച ഹർജിക്കാരുടെ അപ്പീൽ കലോത്സവ മാനുവൽ പ്രകാരം തീർപ്പാക്കിയിട്ടില്ലെന്ന് അന്വേഷണത്തിൽ ലോകായുക്ത കണ്ടെത്തി.
കലോത്സവങ്ങളിലെ അപ്പീലുകൾ തീർപ്പാക്കുന്നത് വെറും പ്രഹസനമാക്കി മാറ്റിയെന്ന് നിരീക്ഷിച്ച ലോകായുക്ത ഡിവിഷൻ ബെഞ്ച് ലോകായുക്ത നിയമത്തിലെ സെക്ഷൻ 12 പ്രകാരമുള്ള ശുപാർശ നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാൻ അതോറിറ്റിയായ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.