ഹിന്ദു മത വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണ് അക്ഷയ ത്രിതീയ എന്നത്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടുവാനുള്ള ശുഭദിനമായാണ് ഈ ദിവസത്തെ കാണുന്നത്. ‘ഒരിക്കലും നശിക്കാത്ത ഒന്ന്’ എന്നതാണ് അക്ഷയ എന്നതിനർത്ഥം. എന്നാൽ ഈ ദിവസത്തിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്.
ശുഭപ്രവർത്തികൾ ചെയ്യുന്ന പക്ഷം ഐശ്വര്യം വർധിക്കും എന്നതിനൊപ്പം തന്നെ ഈ ദിനത്തിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. എന്തെല്ലാമാണ് ചെയ്യേണ്ടവയും ചെയ്യേണ്ടാത്തതുമായതെന്ന് നോക്കാം..
അലങ്കോലമായി കിടക്കുന്ന ഇടങ്ങളിൽ ലക്ഷ്മി ദേവി വാഴില്ല എന്നാണ് വിശ്വാസം. അതിനാൽ തന്നെ വീട് വൃത്തിയാക്കി ഇടേണ്ടതാണ്. അക്ഷയ തൃതീയ ദിനത്തില്‍ ദേവിയെ ആരാധിക്കുമ്പോള്‍ ദേഹശുദ്ധിയും മനശുദ്ധിയും വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കേണ്ടതാണ്.
മാത്രമല്ല, നമ്മുടെ ഉള്ളിലെ കോപവും മറ്റ് നെഗറ്റീവ് ചിന്തകളും നിയന്ത്രിക്കേണ്ടതാണ്. മറ്റുള്ള ജീവികളെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർക്കൊപ്പം ലക്ഷ്മി ദേവി നിലക്കൊള്ളില്ല. അതിനാൽ തന്നെ നമുക്കുള്ളിലെ ചിന്തകൾ പോസിറ്റീവ് ആക്കേണ്ടതാണ്.
അതുപോലെ കരുതേണ്ട മറ്റൊന്നാണ് ദാനം നൽകുന്നത്. ദരിദ്രര്‍ക്ക് ഭക്ഷണം, വസ്ത്രം, പണം എന്നിവ ഈ ദിവസം ദാനം ചെയ്യുന്നത് ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ധാരാളമൊന്നും ദാനം ചെയ്യേണ്ടതില്ലെങ്കിലും അവനവനു സാധിക്കുന്ന രീതിയിൽ മറ്റുള്ളവർക്ക് ദാനം ചെയ്യുന്നത് ഈ ദിനത്തിൽ നല്ലതാണ്. മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നതും ഈ ദിനത്തിൽ നല്ലതാണ്.
കൂടാതെ മദ്യപാനം, പുകവലി എന്നിവ പാടെ ഒഴിവാക്കി സ്വയം ശുചിത്വം പാലിക്കുക. ബ്രഹ്മചര്യം തുടരുകയും മത്സ്യ-മാംസാദികൾ ഒഴിവാക്കുകയും ചെയ്യുക. അക്ഷയ തൃതീയ ദിവസം വളരെ നല്ല ദിവസമായി കണക്കാക്കുന്നുണ്ടെങ്കിലും, ഈ ദിവസം നിര്‍മ്മാണങ്ങളൊന്നും നടത്തരുത്.
