Saturday, September 30, 2023

പേരൂർക്കട ആശുപത്രിയിൽ ജീവനക്കാർ കുറവ്

ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ പേരൂർക്കട ജില്ലാ മാതൃകാശുപത്രിയിൽ ഡയാലിസിസ് നടത്തുന്നതിനായി ഊഴംകാത്തിരിക്കേണ്ട അവസ്ഥയിലാണ് രോഗികൾ. ജീവനക്കാർ അവധിയെടുക്കുന്ന ദിവസങ്ങളിൽ കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റുന്നതായും ആക്ഷേപം.

രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുമണിവരെയാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്. താത്കാലികാടിസ്ഥാനത്തിൽ നിയമിച്ച മൂന്ന് ജീവനക്കാരാണ് കേന്ദ്രത്തിലുള്ളത്. ഇതിൽ രണ്ടുപേർ രാവിലെയും ഒരാൾ ഉച്ചയ്ക്കുശേഷവുമാണ് കേന്ദ്രത്തിൽ ഉണ്ടാകുക. ജീവനക്കാർ അവധിയെടുക്കുന്ന ദിവസങ്ങളിൽ നെടുമങ്ങാട് ആശുപത്രിയിൽനിന്നു പകരം ആളെയെത്തിച്ചാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ഏഴ് ഡയാലിസിസ് യന്ത്രങ്ങളുണ്ട്. ഇതിൽ ഒരെണ്ണം അത്യാവശ്യ സന്ദർഭത്തിൽ ഉപയോഗിക്കുന്നതിനായി മാറ്റിയിടും. ഒരാൾക്ക് ഡയാലിസിസ് നടത്തുന്നതിനും അതു കഴിഞ്ഞ് ഉപകരണങ്ങൾ വൃത്തിയാക്കാനുമായി ഏകദേശം നാലു മണിക്കൂർ സമയമാണ് വേണ്ടിവരുന്നത്. ആവശ്യത്തിന് ഉപകരണങ്ങൾ ഉള്ളതിനാൽ ഒരേസമയം അഞ്ച് രോഗികൾക്ക് ഡയാലിസിസ് നടത്താൻ കഴിയും. എന്നാൽ ജീവനക്കാർ കുറവായതിനാൽ ദിവസം പത്തുപേർക്കു മാത്രമാണ് ഇപ്പോൾ ഡയാലിസിസ് നടത്തുന്നത്.

Related Articles

Latest Articles