Monday, September 25, 2023

ഡിവൈഎഫ്ഐക്ക് സിംഹവാലന്‍ കുരങ്ങിന്റെ അവസ്ഥ, കേരളത്തില്‍ അധികകാലം പിടിച്ചുനില്‍ക്കില്ല- സുരേന്ദ്രൻ

കൊച്ചി: സിംഹവാലന്‍ കുരങ്ങിന്റെ സ്ഥിതിയാണ് ഡി.വൈ.എഫ്.ഐയ്‌ക്കെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഡി.വൈ.എഫ്.ഐ എന്ന പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്താകെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തകര്‍ന്നിരിക്കുകയാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലും അധികം കാലം പിടിച്ചുനില്‍ക്കാനാകില്ല. പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ സമൂഹത്തിലെ പ്രധാനപ്പെട്ട എല്ലാ മത മേലധ്യക്ഷന്മാരും ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ക്രൈസ്തവ സമൂഹം മുഴുവന്‍ പ്രധാനമന്ത്രിയെ വിശ്വസിക്കുന്നു. മോദിയെ പോലെ ഒരു മികച്ച പ്രധാനമന്ത്രി ഇല്ലെന്ന് എല്ലാവരും അംഗീകരിക്കുന്നതായും കെ. സുരേന്ദ്രന്‍ പറഞ്ഞു.

കാണാനുള്ള ആഗ്രഹം ഇരുവിഭാഗങ്ങളിലും ഉണ്ടാകുമ്പോഴാണ് കൂടിക്കാഴ്ച സാധ്യമാകുന്നത്. മുസ്ലീം മതനേതാക്കള്‍ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് നിഷേധിക്കുന്ന വ്യക്തിയല്ല നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടുദിവസത്തെ കേരളസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കൊച്ചിയില്‍ എത്തും. 24-ന് രാത്രിയാണ് പത്തോളം ക്രൈസ്തവസഭാ മേലധ്യഷന്മാരുമാള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Latest Articles